
മലപ്പുറം: മലപ്പുറം അരീക്കോട് ചാലിയാറിന്റെ ഓരത്തിരുന്നാൽ ഇന്നും ആ എട്ട് കുട്ടികളുടെ നിലവിളികൾ കേൾക്കാം. ആഴങ്ങളിൽ അമർന്നുപോയ ആ നേർത്ത നാദങ്ങൾക്ക് ഇന്നേക്ക് പതിമൂന്ന് വർഷം തികയുകയാണ്. 2009 നവംബർ നാലിനാണ് കേരളക്കരയെ കണ്ണീലാക്കിയ ജല ദുരന്തമുണ്ടായത്. ക്ലാസ് കഴിഞ്ഞ് മടങ്ങി വരികയായിരുന്ന എട്ട് കുട്ടികളാണ് ആഴങ്ങളിൽ അമർന്ന് പോയത്.
മൂർക്കനാട് സുബുലുസ്സലാം എച്ച് എസ് എസിലെ എട്ട് ഹയർ സെക്കൻഡറി വിദ്യാർഥികളാണ് ചാലിയാറിൽ തോണി മറിഞ്ഞ് മരിച്ചത്. കുനിയിൽ കൊടവണ്ണാട്ടിൽ ബീരാൻകുട്ടിയുടെ മകൻ എൻ വി സിറാജുദ്ദീൻ, വെള്ളേരി മുഹമ്മദിന്റെ മകൻ ശിഹാബുദീൻ, ഉഗ്രപുരം ടി അബൂബക്കറിന്റെ മകൻ സുഹൈൽ, പാലപ്പറ്റ ആമക്കണ്ടത്തിൽ എളയേടത്ത് അബ്ദുൾ കരീമിന്റെ മകൻ തൗഫീഖ്, ഇരിവേറ്റി കപ്പച്ചാലി കെ സി കുഞ്ഞുമുഹമ്മദിന്റെ മകൻ ഷമീം, കൊഴക്കോട്ടൂർ അലി മുസ്ല്യാരുടെ മകൾ ത്വായിബ, കൊഴക്കോട്ടൂർ മങ്ങാട്ടുപറമ്പ് ഷൗക്കത്തലിയുടെ മകൻ ഷാഹിദലി, കിഴിശ്ശേരി മുഹമ്മദ് മുഷ്ഫിൻ എന്നിവർക്കാണ് ജീവൻ നഷ്ടമായത്.
20-25 പേർക്ക് മാത്രം കയറാവുന്ന തോണിയിൽ നൂറിനടുത്ത് കുട്ടികൾ കയറിയത് കാരണം നിയന്ത്രണംവിട്ട് മറിഞ്ഞാണ് മരണ മണി മുഴങ്ങിയത്. ഇവരുടെ മരണത്തെ തുടർന്ന് ഊർങ്ങാട്ടിരി പഞ്ചായത്തിലെ മൂർക്കനാടിനെയും അരീക്കോടിനെയും ബന്ധിപ്പിച്ച് സ്‌കൂൾ കടവിൽ ഇരുമ്പ് നടപ്പാലം ഉയർന്നെങ്കിലും 2018ലെ പ്രളയത്തിൽ ഇതിന്റെ മധ്യഭാഗം ഒലിച്ചുപോയി.
നിലവിൽ പാതിയുള്ള പാലമാണ് ഇവിടെ ചെന്നാൽ കാണാനാവുക. ചാലിയാറിന്റെ കുത്തൊഴുക്ക് താങ്ങാനാകാതെയാണ് പാലം പൊട്ടിവീണത്. പാലം നിർമാണത്തിന് മൂന്നു കോടി 30 ലക്ഷം രൂപ ഇപ്പോൾ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. എന്നാൽ ആദ്യഘട്ട സാങ്കേതിക പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചതോടെ പദ്ധതി നീളുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam