
ഇടുക്കി: കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നാറിലെ ജനങ്ങളെ കബളിപ്പിച്ചത് രണ്ട് വാട്സാപ്പ് മെസേജുകളായിരുന്നു. ആദ്യ സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 15 ലക്ഷം രൂപ നിങ്ങളുടെ പോസ്റ്റോഫീസ് അക്കൗണ്ടുകളിലെത്തുമെന്നും എത്രയും വേഗം അക്കൗണ്ടെടുക്കണമെന്നുമായിരുന്നെങ്കില്‍ രണ്ടാമത്തെ സന്ദേശം ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നിന്ന് സൗജന്യ ഭൂമി വിതരണം ചെയ്യുന്നുണ്ടെന്നായിരുന്നു.
വാര്‍ത്ത വ്യാജമെന്ന് പോസ്റ്റോഫീസിലെത്തിവരോട് പോസ്റ്റ് മാസ്റ്റര്‍ പറഞ്ഞെങ്കിലും നാട്ടുകാര്‍ വിശ്വസിച്ചില്ല. ഇനി അക്കൗണ്ടില്ലാത്തത് കൊണ്ട് 15 ലക്ഷം നഷ്ടപ്പെടണ്ടല്ലോ എന്നായിരുന്നു വന്നവര്‍ ചിന്തിച്ചത്. ഇതോടെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് സമയവും പണവും നഷ്ടമായെങ്കിലും പോസ്റ്റോഫീസില്‍ നൂറ് കണക്കിന് പുതിയ അക്കൗണ്ടുകളാണ് തുറന്നത്. ആളുകളുടെ എണ്ണം കൂടിയതോടെ പോസ്റ്റോഫീസിലെ സര്‍വര്‍ തകരാറിലായി.
മൂന്നാറിലെ പോസ്റ്റ് ഓഫീസ്, ദേവികുളത്തെ ആര്‍ഡിഒ ഓഫീസ് എന്നിവിടങ്ങളാണ് വ്യാജപ്രചരണങ്ങള്‍ക്ക് വ്യാപകമായി പ്രചരിച്ചത്. പ്രധാനമന്ത്രിയുടെ പേര് ഉപയോഗിച്ചാണ് വ്യാപകമായി വ്യാജ വാര്‍ത്ത പ്രചരിച്ചത്. തൊഴിലാളികളുടെ അക്കൗണ്ടിലേയ്ക്ക് മോദിയുടെ പേരില്‍ പണമെത്തുമെന്നായിരുന്നു വ്യാജവാര്‍ത്ത. ഇതേ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി തൊഴിലാളികളുടെ നീണ്ട നിരയാണ് മൂന്നാര്‍ പോസ്റ്റ് ഓഫീസിന് മുമ്പില്‍ രൂപപ്പെട്ടത്.
പണമോഹത്തില്‍ കുടുങ്ങി പണിക്കുപോലും പോകാതെ ക്യൂവിലെ മുന്‍നിരയിലെത്താന്‍ അതിരാവിലെ പോസ്റ്റ് ഓഫീസില്‍ എത്തിയവരും കുറവല്ല. വാര്‍ത്ത പരന്നതോടെ തൊഴിലാളികള്‍ ഇരമ്പിയെത്തി. പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് തുടങ്ങിയാല്‍ അതില്‍ പണമെത്തും എന്നതായിരുന്നു വാര്‍ത്ത. അമ്പതിനായിരം മുതല്‍ മൂന്ന് ലക്ഷം വരെയുള്ള തുകയെത്തും എന്നായതോടെ തിരക്ക് നിയന്ത്രിക്കാന്‍ പോസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കും കഴിയാതെയായി. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസിനും ഇടപെടേണ്ടി വന്നു.
തുടര്‍ന്ന് പോസ്റ്റോഫീസ് ഞായറാഴ്ച പോലും തുറന്ന് പ്രവര്‍ത്തിക്കേണ്ടി വന്നു. രാത്രി എട്ടുമണിയായിട്ടും തിരക്ക് കുറയാതെ വന്നതോടെ വരുന്നവര്‍ക്ക് പൊലീസ് ടോക്കണ്‍ നല്‍കുവാന്‍ നിര്‍ദ്ദേശിക്കുകയും അടുത്ത ദിവസം ഇവരോട് പോസ്റ്റോഫീസിലെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. പോസ്റ്റ് ഓഫീസിലെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി തിരിച്ചടിയാകുമെന്ന് വന്നതോടെ വ്യാജവാര്‍ത്തകളില്‍ വഞ്ചിതരാകരുത് എന്ന ബോര്‍ഡ് പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാപിക്കേണ്ടി വന്നു.
ക്യൂവില്‍ നില്‍ക്കുന്നവരോട് ഉദ്യോഗസ്ഥരും പൊലീസുകാരും കാര്യങ്ങള്‍ ബോധിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായിട്ടില്ല. സമാനമായ അവസ്ഥയാണ് ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസിലേതും. സൗജന്യമായി സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്നുവെന്ന വ്യാജ വാര്‍ത്ത മൂലം നിരവധി തൊഴിലാളികളാണ് ദേവികുളം ആര്‍ഡിഒ ഓഫീസിലെത്തിയത്. വ്യാജ വാര്‍ത്തകള്‍ എവിടെ നിന്ന് രൂപപ്പെട്ടുവെന്ന് അറിവില്ലെന്നും എന്നാല്‍ ഇത്തരത്തിലൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്നും ദേവികുളം സബ് കളക്ടര്‍ രേണുരാജ് വ്യക്തമാക്കി.
ജോലി കളഞ്ഞ് പണം മുടക്കി ഓഫീസിലെത്തുന്ന തൊഴിലാളികളെ നിരാശരാക്കുവാന്‍ ഏതായാലും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. വന്ന എല്ലാവരുടെയും അപേക്ഷകള്‍ സ്വീകരിച്ചു. ഈ സാഹചര്യം മുതലാക്കി കളം കൈയടക്കിയ ഇടനിലക്കാരും പണം കൊയ്തു. അപേക്ഷ എഴുതി നല്‍കുവാന്‍ തൊഴിലാളികളുടെ കൈയില്‍ നിന്നും 150 രൂപ വരെയാണ് ഇവര്‍ ഈടാക്കിയത്. വ്യാജ വാര്‍ത്തകള്‍കളിലൂടെ തൊഴിലാളികള്‍ കബളിപ്പിക്കപ്പെടുന്ന അവസ്ഥയ്‌ക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam