
കൊച്ചി: മൂവാറ്റുപുഴ വാളകം പൊട്ടുമുകൾ മേഖലയിലെ കുടിവെള്ള പദ്ധതിയുടെ നിർമാണ സ്ഥലത്ത് നിന്ന് സാമഗ്രികൾ മോഷ്ടിച്ച സംഭവത്തിൽ ആക്രി വ്യാപാരിയെ ഉൾപ്പെടെ 15 പേരെ പൊലീസ് പിടികൂടി. പിടിയിലായവരിൽ നാല് പേർ മാത്രമാണ് പ്രായപൂർത്തിയായവർ. ശേഷിക്കുന്നവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കും. പ്രായപൂർത്തിയായവർക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
മൂന്ന് ലക്ഷത്തിലേറെ രൂപ വില വരുന്ന ഇരുമ്പ് സാമഗ്രികൾ നിർമാണ സ്ഥലത്ത് നിന്ന് മോഷ്ടിച്ച് വിറ്റതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആർഭാട ജീവിതത്തിന് പണം കണ്ടെത്താനായിരുന്നു ഇതെന്നാണ് പൊലീസിന്റെ വിവരം. മോഷണത്തിൽ പങ്കെടുത്ത ആക്രി വ്യാപാരി സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി പിന്നീട് മറിച്ചുവിറ്റതായും വ്യക്തമായി. സീൽ പൊട്ടിക്കാത്ത ഷട്ടറുകൾ ഉൾപ്പെടെ നിരവധി സാധനങ്ങൾ പൊലീസ് പിടിച്ചെടുത്തു.
സാമ്പത്തിക പരിമിതിയും എസ്റ്റിമേറ്റ് പുതുക്കലും കാരണം എട്ട് മാസമായി പ്രവർത്തനം നിർത്തിയിരുന്ന സ്ഥലത്താണ് മോഷണം നടന്നത്. പ്രതികളിൽ പലരും വാളകത്തും സമീപ പ്രദേശങ്ങളിലുമുള്ളവരാണ്. നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മോഷണ വിവരം പഞ്ചായത്തിന് ലഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രജിതാ സുധാകരനും വൈസ് പ്രസിഡന്റ് ജിജോ പാപ്പാലിലും പോലീസിൽ പരാതി നൽകി. ജല അതോറിറ്റി ഓഫീസിലും പരാതി നൽകിയിരുന്നു. പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിലുണ്ടായ മോഷണ സംഭവങ്ങൾ കൂടി പരിഗണിച്ചാണ് അന്വേഷണം കൂടുതൽ ശക്തമാക്കിയതെന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam