
ആലപ്പുഴ: ചെറുതന ആയാപറമ്പ് പാണ്ടിയിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. പാണ്ടി പുത്തൻപറമ്പിൽ രാമചന്ദ്രന്റെ 24 ദിവസം പ്രായമായ 15,000 താറാവ് കുഞ്ഞുങ്ങളാണ് കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ചത്തത്. പ്രതിരോധ വാക്സിൻ എടുത്ത താറാവുകളാണ് ചത്തൊടുങ്ങിയത്. പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് കർഷകർ. താറാവ് നഷ്ടപ്പെട്ട കർഷകർക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്ന് കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ, സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ എന്നിവർ ആവശ്യപ്പെട്ടു.
ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളൂവന്‍സ കാട്ടു പക്ഷികളിലും വളര്‍ത്തുപക്ഷികളിലും കണ്ടുവരുന്ന സാംക്രമിക രോഗമാണ്. ആലപ്പുഴയിൽ ചെറുതന, കരുവാറ്റ കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് താറാവുകൾക്ക് രോഗബാധ. നെടുമുടിയിൽ കോഴികൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോട്ടയത്ത് കുറുപ്പന്തറ, മാഞ്ഞൂർ, കല്ലുപുരയ്ക്കൽ , വേളൂർ എന്നീ വാർഡുകളിലാണ് രോഗം. കാട, കോഴി എന്നിവയ്ക്കാണ് കോട്ടയത്തു രോഗം സ്ഥിരീകരിച്ചത്. ക്രിസ്തുമസ് വിപണി മുന്നിൽ കണ്ട് പ്രതീക്ഷയോടെ കാത്തിരുന്ന കർഷകർ നിരാശയിലാണ്.
മനുഷ്യരിലേക്ക് വൈറസ് പകരാൻ സാധ്യത ഉള്ളതിനാൽ രോഗ ബാധയുള്ള പക്ഷികളെ കൈകാര്യം ചെയ്യുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.മൃഗസംരക്ഷണ വകുപ്പിന് ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനഫലം ലഭിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടിയന്തിര നടപടികൾക്ക് മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam