
ബംഗളൂരു: പൈലറ്റാവുക എന്ന് സ്വപ്നം കാണാത്തവരുണ്ടാകില്ല. എന്നാല്‍ ഈ സ്വപ്നം തന്റെ പതിനാറാം വയസ്സില്‍ പൂര്ത്തികരിച്ചിരിക്കുകയാണ് എറണാകുളം കാക്കനാട് ട്രിനിറ്റി വേൾഡിൽ മുനീർ അബ്ദുൽ മജീദിന്റെയും ഉസൈബയുടെയും ഏകമകള്‍ നിലോഫർ. പതിനാറാം വയസ്സില്‍ നിലോഫർ മുനീർ പറത്തിയത് സെസ്ന 172 എന്ന ചെറുവിമാനമാണ്.
ഇതോടെ കേരളത്തിൽ നിന്ന് സ്റ്റുഡൻറ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുസ്ലിം പെൺകുട്ടിയെന്ന നേട്ടത്തിലാണ് നിലോഫർ മുനീർ. വിമാനം പറത്തിയ നിലോഫറിന് ഹിന്ദുസ്ഥാൻ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൈസൂരുവിലെ ഓറിയൻറ് ഫ്ലൈറ്റ്സ് ഏവിയേഷൻ അക്കാദമി സ്റ്റുഡൻറ് പൈലറ്റ് ലൈസൻസ് സമ്മാനിച്ചു.
ദുബൈയിലെ ഇന്ത്യൻ ഹൈസ്കൂളിൽ 10 -ാം ക്ലാസ് പൂർത്തിയാക്കിയശേഷമാണ് മൈസൂരുവിലെ ഓറിയൻറ് ഫ്ലൈയിങ് സ്കൂളിൽ ചേരുന്നതും തുടർന്ന് വിജയകരമായി പഠനം പൂർത്തിയാക്കുന്നതും. ദുബൈയിൽ ബിസിനസുകാരനാണ് മുനീർ. വിദൂര വിദ്യാഭ്യാസത്തിലൂടെ പ്ലസ് ടു സയൻസ് ഗ്രൂപ്പ് പഠിച്ചുകൊണ്ടിരിക്കുന്ന നിലോഫർ മൈസൂരുവിൽ പൈലറ്റ് പരിശീലനത്തിലാണ്. 18 വയസ്സ് തികഞ്ഞാൽ നിലോഫറിന് കമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടാനാകും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam