
ആലപ്പുഴ: സ്കൂൾ കുട്ടികൾക്കും മറ്റും വിൽക്കുന്നതിനായി സൂക്ഷിച്ച 1600 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ. അരൂക്കുറ്റിയിലെ നദുവത്ത് നഗർ സ്വദേശിയായ അഹമ്മദ് ഹാഷിമിനെയാണ് (51) പൂച്ചാക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കേരള സർക്കാരിന്‍റെ തൂഫാൻ ലഹരി നിർമാർജന പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ പട്രോളിങ്ങിനിടയിലാണ് പ്രതി പിടിയിലായത്. വടുതല കുണ്ടേക്കടവ് ഭാഗത്തുവെച്ച് സ്കൂട്ടറിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു വിൽപ്പന നടത്തുകയായിരുന്ന പുകയില ഉൽപന്നങ്ങൾ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ വീടിന്റെ കോമ്പൗണ്ടിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച നിലയിൽ കൂടുതൽ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.
പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ലിജിമോൾ പി ടി, അസിസ്റ്റന്റ് പൊലീസ് സബ് ഇൻസ്പെക്ടർ ശിവദാസ പണിക്കർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ മണിലാൽ, സിവിൽ പൊലീസ് ഓഫീസർമാരായ ബിജീഷ്, കലേഷ്, ജോമോൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam