മലപ്പുറത്ത് പുഴയിൽ മുങ്ങിത്താഴ്ന്ന തമിഴ്നാട് സ്വദേശിക്ക് രക്ഷകനായി വെള്ളരിക്കാട്ടില്‍ ഗഫൂർ. പുന്നപ്പുഴയില്‍ മുങ്ങിത്താഴ്ന്ന യുവാവിനെയാണ് ഗഫൂർ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി രക്ഷപ്പെടുത്തിയത്.

മലപ്പുറം: പുന്നപ്പുഴയില്‍ മുങ്ങിത്താഴ്ന്ന തമിഴ്നാട് സ്വദേശിയെ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി രക്ഷപ്പെടുത്തി ഗഫൂര്‍ നാടിന്റെ അഭിമാനമായി. രക്ഷാപ്രവര്‍ത്തനത്തിനിടെ നാല് തവണയാണ് ഗഫൂറിനെ വെള്ളത്തില്‍ മുക്കിത്താഴ്ത്തിയത്. മരണവെപ്രാളത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. എന്നാല്‍ പിന്മാറാതെ വീണ്ടും വീണ്ടും പരിശ്രമിച്ചാണ് ഗഫൂര്‍ യുവാവിനെ സുരക്ഷിതമായി കരയിലെത്തിച്ചത്.

വഴിക്കടവ് മുണ്ടയിലെ റിസോര്‍ട്ടില്‍ താമസിക്കാനെത്തിയ തമിഴ്നാട് സ്വദേശിയും കുടുംബവും പുന്നപ്പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. നീന്തുന്നതിനിടെ ഇയാള്‍ പുഴയിലെ ആഴമുള്ള ഭാഗത്ത് മുങ്ങിത്താഴുകയായിരുന്നു. അപകടം കണ്ട് നാട്ടുകാര്‍ ബഹളം വെച്ചതോടെ ഓടിയെത്തിയ ഗഫൂര്‍ ഒരു സുരക്ഷാ മുന്‍കരുതലുമില്ലാതെ പുഴയിലേക്ക് എടുത്തുചാടി.

ഒഴുക്കും ആഴവും നിറഞ്ഞ പുഴയില്‍ സ്വന്തം സുരക്ഷ പോലും പരിഗണിക്കാതെയാണ് ഗഫൂര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. മുങ്ങിത്താഴുന്നയാളെ കരയിലെത്തിക്കാന്‍ നടത്തിയ ശ്രമത്തിനിടെ പല തവണ അപകടത്തിലായെങ്കിലും ധൈര്യം കൈവിടാതെ രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു.

വഴിക്കടവ് മുണ്ടയിലെ സിപിഎം ബ്രാഞ്ച് അംഗമായ ഗഫൂര്‍, ദുബായിക്കാരന്‍ ഗഫൂര്‍ എന്ന പേരിലാണ് നാട്ടില്‍ അറിയപ്പെടുന്നത്. വെള്ളരിക്കാട്ടില്‍ ഗഫൂറിന്റെ സമയോചിതമായ ഇടപെടലാണ് ഒരു ജീവന്‍ രക്ഷിക്കാന്‍ സഹായകമായത്. രക്ഷപ്പെടുത്തിയ തമിഴ്നാട് സ്വദേശിയെ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയശേഷം വീട്ടിലേക്ക് മടക്കി അയച്ചു.