
മലപ്പുറം: പതിനെട്ടോളം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ പ്രതി ഒടുവിൽ വലയിൽ. വയനാട് പടിഞ്ഞാറേത്തറ കുപ്പാടിത്തറ കുന്നത്തു വീട്ടിൽ അർജുനെയാണ് (30) മങ്കട സി ഐ വിഷ്ണു, എസ് ഐ ഷംസുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വലമ്പൂർ മീൻകുളത്തിക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് സ്വർണവും പണവും ക്ഷേത്രവളപ്പിലെ സി സി ടി വി ക്യാമറയുടെ ഹാർഡ് ഡിസ്‌കും ക്ഷേത്ര ജീവനക്കാരന്റെ സ്‌കൂട്ടറും മോഷ്ടിച്ച സംഘത്തിലെ മുഖ്യപ്രതിയാണ് പിടിയിലായത്.
സെപ്റ്റംബർ 17ന് പുലർച്ച മങ്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട അങ്ങാടിപ്പുറം വലമ്പൂരിലെ മീൻകുളത്തിക്കാവ് ഭഗവതി ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് 10,000 രൂപയും ക്ഷേത്രം ഓഫിസിന്റെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് കുത്തിപ്പൊളിച്ച് അലമാരയിൽ സൂക്ഷിച്ചിരുന്ന 40,000 രൂപയും നേർച്ചയായി ലഭിച്ച രണ്ട് ഗ്രാം സ്വർണാഭരണവും ക്ഷേത്ര വളപ്പിൽ നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനവും ക്ഷേത്രവളപ്പിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറയുടെ ഹാർഡ് ഡിസ്‌കുമാണ് മോഷ്ടിച്ചത്.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് മറ്റുജില്ലകളിലും സമാനമായ 18ൽ കൂടുതൽ കേസ് ഉള്ളതായി വ്യക്തമായതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മോഷണമുതൽ കണ്ടെത്താനും മറ്റു കണ്ണികളെ കണ്ടെത്താനും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും മങ്കട സി ഐ വിഷ്ണു അറിയിച്ചു.
അതേസമയം, ആലപ്പുഴയിൽ വയോധികയുടെ മാലകവർന്ന് കടന്ന മോഷ്ടാവിനെ പൊലീസ് സാഹസികമായി പിടികൂടി. പായൽക്കുളങ്ങര സ്വദേശിനിയായ വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ അമ്പലപ്പുഴ പുറക്കാട് പഞ്ചായത്തിൽ മൂരിപ്പാറ വീട്ടിൽ രഞ്ജിത്ത്കുമാറി (വേലു-48)നെയാണ് അമ്പലപ്പുഴ പൊലീസ് വാഹനം തടഞ്ഞ് വളഞ്ഞിട്ട് പിടികൂടിയത്. കഴിഞ്ഞമാസം 20 ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam