
കുന്ദമംഗലം: കോഴിക്കോട് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ തിരിഞ്ഞ് നോക്കാതെ അവഗണിച്ച സെക്രട്ടറിക്കെതിരെ കേസ്. കേരളോത്സവത്തിനിടയിലെ പഞ്ചഗുസ്തി മത്സരത്തിനിടയിൽ കൈക്ക് ഗുരുതര പരിക്കേറ്റ കാരന്തൂർ സ്വദേശിനിയായ വിദ്യാർത്ഥിനിയെ തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയിലാണ് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്. ജുഡീഷ്യൽ അംഗം കെ.ബൈജുനാഥാണ് കേസെടുത്തത്.
ദിയ അഷ്റഫ് എന്ന 19കാരിക്കാണ് ഗുരുതരമായി പരിക്കേറ്റത്. മത്സരത്തിനിടയിൽ കൈക്ക് മുകളിലെ എല്ല് പൊട്ടി. വിരലുകളുടെ ചലനശേഷിയേയും പരിക്ക് സാരമായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ അപകടത്തിന്‍റെ ഉത്തരവാദിത്തം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തില്ല. മാത്രമല്ല പരാതിയുമായി എത്തിയ പെണ്‍കുട്ടിയെ തിരിഞ്ഞു നോക്കാനും പഞ്ചായത്ത് തയ്യാറായില്ല. ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോൾ പഞ്ചായത്ത് സെക്രട്ടറി പരിഹസിച്ചെന്നാണ് പരാതി. നവംബര്‍ 13നായിരുന്നു ഗ്രാമപഞ്ചായത്തിന്‍റെ കേരളോത്സവും പരിപാടിയുടെ ഭാഗമായി പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചത്.
മത്സരത്തില്‍ ദിയയുടെ എതിരാളി എത്താതിരുന്നതോടെ 39കാരിയുമായി ദിയയുടെ മത്സരം പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. മത്സരത്തില്‍ ദിയയുടെ കൈ ഒടിഞ്ഞ് പരിക്കേല്‍ക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. ദിയയ്ക്ക് ഇനിയും ആറു മാസത്തോളം ചികിത്സ തുടരേണ്ട അവസ്ഥയാണ്. വലതു കൈവിരലുകൾക്ക് സംഭവിച്ചിരിക്കുന്നത് ഗുരുതര പരിക്കാണ്. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. പത്തു ദിവസത്തിനകം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം. കേസ് ഫെബ്രുവരി 21 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ കേസ് വീണ്ടും പരിഗണിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിശദമാക്കി.
പഞ്ചഗുസ്തി ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ 13 മലയാളികള്‍
കോഴിക്കോട് പ്രൊവിഡന്‍സ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയായ ദിയയ്ക്ക് പരിക്ക് മൂലം ക്ലാസുകളിലും സെമസ്റ്ററിലെ ഇന്‍റേണല്‍ പരീക്ഷകളിലും പങ്കെടുക്കാനായില്ല. എന്നാല്‍ അപകടം സംഭവിച്ച ഉടനേ ദിയയെ ആശുപത്രിയിലെത്തിച്ചെന്നും തുടര്‍ന്നുള്ള ചെലവ് വഹിച്ചെന്നുമാണ് പഞ്ചായത്തിന്‍റെ വാദം. ഫിസിയോ തെറാപ്പിക്ക് അടക്കം ദിവസം തോറും 500 രൂപയോളമാണ് ദിയയ്ക്ക് ചെലവ് വരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam