
മലപ്പുറം: യാത്രയ്ക്കിടെ സ്ത്രീകളുടെ ബാഗില്‍നിന്ന് പേഴ്‌സും പണവും മോഷ്ടിക്കുന്ന യുവതിയെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശി ദേവിക സുധീഷ് (19) ആണ് പിടിയിലായത്. തിരക്കേറിയ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും യാത്രക്കാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്നതാണ് യുവതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രിയില്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് റെയില്‍വേ പൊലീസ് തിരൂര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ തിരൂര്‍ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വിശദമായ പരിശോധനയില്‍ ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്നും താമസിക്കുന്ന മുറിയില്‍നിന്നും നിരവധി പേഴ്‌സുകള്‍ കണ്ടെത്തി. ഇവ മോഷണത്തിലൂടെ ലഭിച്ചതാണെന്നാണ് പൊലീസിന്റെ സംശയം.
പൊന്നാനിയിലും സമാനമായ മോഷണക്കേസില്‍ യുവതിക്ക് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. തിരക്കുള്ള പൊതുഗതാഗത കേന്ദ്രങ്ങളില്‍ യാത്രക്കാരായ സ്ത്രീകളെ ലക്ഷ്യമിട്ടാണ് മോഷണം നടത്തിയിരുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. തിരക്കിനിടയില്‍ മറ്റുള്ളവരുടെ ശ്രദ്ധ മാറുന്ന സമയം ഉപയോഗപ്പെടുത്തി ബാഗുകളില്‍നിന്ന് പണവും പേഴ്‌സും കൈക്കലാക്കുന്നതായിരുന്നു രീതിയെന്നും പൊലീസ് വ്യക്തമാക്കി.
പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് കോഴിക്കോട് ജയിലിലേക്ക് മാറ്റി. മോഷ്ടിച്ച പേഴ്‌സുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികളുണ്ടോയെന്നും മറ്റ് സ്ഥലങ്ങളില്‍ നടന്ന മോഷണങ്ങളുമായി യുവതിക്ക് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam