
തൃശൂര്‍: കൊടുങ്ങല്ലൂരിൽ അനധികൃത മദ്യ വിൽപ്പന പിടികൂടി. അഴീക്കോട് കപ്പൽ ബസാറിൽ നിന്ന് അനധികൃതമായി വിൽപ്പനയ്ക്കായി സൂക്ഷിച്ച 35 കുപ്പി വിദേശ മദ്യവും പ്രതിയെയുമാണ് എക്‌സൈസ് റേഞ്ച് സംഘം പിടികൂടിയത്. അഴീക്കോട് കപ്പൽ ബസാറിൽ കുന്തനേഴത്ത് വീട്ടിൽ ജിജേഷിനെയാണ് (38 ) കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം ഷാംനാഥും സംഘവും അറസ്റ്റ് ചെയ്‌തത്.
ഒന്നാം തീയതിയും രണ്ടാം തീയതി ഗാന്ധി ജയന്തി ദിനവും ആയതിനാല്‍ ഡ്രൈഡേ പ്രമാണിച്ച് മദ്യ ഷാപ്പുകൾക്കുള്ള അവധി മുന്നിൽ കണ്ടാണ് ഇന്നലെ മദ്യം സ്റ്റോക്ക് ചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എക്‌സൈസ് സംഘത്തിൽ ഉദ്യോഗസ്ഥരായ പി ആർ സുനിൽകുമാർ, സി വി ശിവൻ, പി കെ സജികുമാർ, ടി കെ അബ്‍ദുള്‍ നിയാസ്, എസ് അഫ്സൽ, ചിഞ്ചു പോൾ, ലിസ തസ്‌നീം, ഇ ജി സുമി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
അതേസമയം, ആലപ്പുഴ ഹരിപ്പാട് വൻ തോതില്‍ വ്യാജ മദ്യം പിടികൂടി. വീട് കേന്ദ്രീകരിച്ച് വ്യാജ മദ്യം നിർമ്മിച്ച് വിൽപ്പന നടത്തിയ ഒരാളെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. അര ലിറ്ററിന്‍റെ ആയിരത്തിലേറെ കുപ്പി വ്യാജ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. വീട് കേന്ദ്രീകരിച്ചായിരുന്നു വ്യാജ മദ്യ നിർമാണം. ബോട്ട്ലിംഗ് യൂണിറ്റടക്കം സജീകരിച്ചിരുന്നു. വ്യാജ ലേബലുകൾ, സ്റ്റിക്കറുകൾ, കമീഷണറുടെ ഒപ്പുള്ള ഹോളോഗ്രാം മുദ്ര എന്നിവയും സ്ഥലത്ത് നിന്നും കണ്ടടുത്തു. എക്സൈസ് കമ്മീഷണറുടെ ഒപ്പുള്ള വ്യാജ മുദ്രകളും ലേബലുകളുമാണ് പിടിച്ചെടുത്തതെന്നതാണ് ശ്രദ്ധേയം.