
കണ്ണൂര്‍: കണ്ണൂർ ആറളം ഫാമിലുളളവരുടെ കാലങ്ങളായുളള ആവശ്യമായ ആനമതിൽ യാഥാർത്ഥ്യത്തിലേക്ക്. 53 കോടി ചെലവിട്ടാണ് 10 കിലോമീറ്റർ മതിൽ നിർമാണം. താൽക്കാലികമായെങ്കിലും കാട്ടാന ശല്യത്തിന് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് ആറളത്തുകാർ. കേരളത്തിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ മേഖലയിലെ ജീവിതം ആറളത്തുകാര്‍ തള്ളി നീക്കുന്നത് പേടിയോടെയാണ്. സർക്കാർ പതിച്ചു നൽകിയ ഭൂമിയിൽ നിന്ന് പലരുമിറങ്ങിയത് കാട്ടാന പേടികൊണ്ട്.
ജീവൻ നഷ്ടപ്പെട്ടവർ മാത്രമല്ല, കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവരും, കിടപ്പിലായവരും അനവധിയാണ്. ആറളത്തുകാരുടെ കാലങ്ങളായുളള ആവശ്യമാണ് ആനമതിൽ. കാട്ടാന കലിയെ നേരിടാൻ വേലിക്കെട്ടി, കരിങ്കൽ ഭിത്തികള്‍ തീർത്തു. എന്നിട്ടും പരിഹാരമില്ലാത്ത അവസ്ഥയാണ്. ഒടുവിൽ 53 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. വളയംചാൽ മുതൽ പൊട്ടിച്ചിറപാറ വരെയുള്ള 10 കിലോമീറ്ററിന്‍റെ പ്രവൃത്തി ഉദ്ഘാടനമാണ് നടക്കുന്നത്.
ആനമതിലെത്തുമ്പോഴും ആശങ്കയകലുമോയെന്നാണ് ചോദ്യം. അതേസമയം, കാട്ടാനപ്പേടിയിലാണ് എറണാകുളം മലയാറ്റൂരിലെ മലയോര കർഷകർ. പാണ്ഡ്യൻ ചിറയിലെ ഒന്നരയേക്കർ ഭൂമിയിലെ മൂന്നൂറോളം വാഴകളും തെങ്ങുകളും കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടം നശിപ്പിച്ചു. നടുവട്ടം സ്വദേശി ആന്റുവിന്റെ കൃഷി ഭൂമിയില്‍ കഴിഞ്ഞ ദിവസമെത്തിയ കാട്ടാനക്കൂട്ടം മൂന്നൂറിലധികം വാഴകളാണ് നശിപ്പിച്ചത്.
മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ യൂക്കാലി മേഖലയിലാണ് കഴിഞ്ഞ ദിവസം കാട്ടാനക്കൂട്ടമിറങ്ങിയത്. മണിക്കൂറുകളോളം പ്രദേശത്ത് തമ്പടിച്ച ആനക്കൂട്ടം തെങ്ങ്, കവുങ്ങ് എന്നിവയെക്കൂടാതെ പച്ചക്കറി കൃഷിയും നശിപ്പിച്ച ശേഷമാണ് മടങ്ങിയത്. രാത്രികാലങ്ങളിൽ വീടുകൾക്ക് സമീപമെത്തുന്ന കാട്ടാനക്കൂട്ടം പുലർച്ചെയാണ് മടങ്ങുന്നത്. വൈദ്യുതി വേലി തകർത്താണ് ഇവ കൃഷിയിടങ്ങളിലെത്തുന്നത്. വൈദ്യുതി വേലി ഫലപ്രദമല്ലെന്നും ഡ്രഞ്ച് സ്ഥാപിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.