
തിരുവനന്തപുരം: തലസ്ഥാനത്ത് മഴ ശക്തം. രാവിലെ മുതൽ ആരംഭിച്ച മഴ മലയോര, നഗരമേഖലകളിൽ ശക്തമായി തുടരുകയാണ്. വാമനപുരം നദിയിൽ ഒരാളെ കാണാതായി. പെന്നാം ചുണ്ട് പാലത്തിലൂടെ സ്കൂട്ടറിൽ പോയ വിതുര സ്വദേശി സോമനെയാണ് ആറ്റിൽ വീണ് കാണാതായത്. ഇന്നലെ മുതൽ പാലം കവിഞ്ഞ് വെള്ളം ഒഴുകുകയാണ്. സ്കൂട്ടർ ആറ്റിൽ വീഴുകയായിരുന്നുവെന്നാണ് വിവരം. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. മലയൻകീഴും പൂവച്ചലിലും കട്ടാക്കടയിലും മരം കടപുഴകി വീണു. നെയ്യാർ ഡാമിൽ ജലനിരപ്പ് ഉയർന്നു. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായതിനാൽ നീരൊഴുക്ക് വർധിച്ചു. ഡാമിന്റെ നാല് ഷട്ടറും 70 സെന്റി മീറ്റർ വീതം തുറന്നിട്ടുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചു.
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ,
കാസർകോട് എന്നീ 8 ജില്ലകളിൽ യെല്ലോ അലർട്ടാണ്. രണ്ട് ദിവസം കൂടി ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കുമെനനാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്.
മലപ്പുറത്ത് ഇടവിട്ട മഴ തുടരുകയാണ്. മഞ്ചേരിയിൽ മണ്ണിടിച്ചിൽ ഭീതി നിലനിൽക്കുന്നുണ്ട്. വേട്ടേക്കോട് - ഒടുവങ്ങാട് റോഡിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. 8 കുടുംബങ്ങളെയാണ് ബന്ധുവീടുകളിലേക്ക് മാറ്റിയത്. നിലവിൽ ആർക്കും പരിക്കോ മറ്റ് നാശനഷ്ടങ്ങളോ ഇല്ല. മഞ്ചേരി ഒളമതിൽ ഭാഗത്ത കനത്ത മഴയിൽ അക്ഷയ കേന്ദ്രത്തിന്‍്റെ ചുമരിടിഞ്ഞ് വീണു. ദിനമായതിനാൽ വലിയ ദുരന്തം ഒഴിവായി. കെട്ടിടത്തിന്ർറെ ഒന്നാം നിലയാണ് തകർന്നു വീണത്. ജില്ലയിൽ മറ്റ് അനിഷ്ട സംഭവങ്ങളില്ലെന്നും ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടില്ലെന്നും ജില്ല ഭരണകൂടം അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam