
കോട്ടയം: കോട്ടയത്തെ വടവാതൂർ പ്രദേശത്തെയാകെ സങ്കടത്തിലാക്കുന്ന വാർത്തയാണ് ചൊവ്വാഴ്ച രാവിലെ പുറത്തുവന്നത്. സേലത്ത് പഠിക്കുന്ന കോട്ടയം സ്വദേശി അസുഖബാധിതയായപ്പോൾ കൂട്ടിക്കൊണ്ടുവരാൻ പോയ സംഘത്തിലെ രണ്ടുപേർ അപകടത്തിൽ മരണപ്പെടുകയും ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായതിന്‍റെയും നടുക്കത്തിലാണ് നാട്. ആശുപത്രിയിൽ ഗുരതരാവസ്ഥയിൽ തുടരുന്ന അനന്ദുവിന്‍റെ സഹോദരിയാണ് സേലത്ത് അസുഖബാധിതയായത്. ഈ കുട്ടിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവരാൻ പോകവെയാണ് അനന്ദവും കൂട്ടുകാരും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അനന്ദു ആശുപത്രിയിലാണ്. കൂടെ പോയ കൂട്ടുകാരായ അക്ഷയ് അജേഷ്, ഗോകുൽ എന്നിവരാണ് മരിച്ചത്.
സംഭവം ഇങ്ങനെ
തമിഴ്നാട്ടിലെ തേനിക്കു സമീപം ചൊവ്വാഴ്ച പുലർച്ചെ കാറും ലോറിയും കൂട്ടിയിടിച്ചാണ് കോട്ടയം തിരുവാതുക്കൽ സ്വദേശികളായ അക്ഷയ് അജേഷ്, ഗോകുൽ എന്നിവർ മരിച്ചത്. തേനിക്കും പെരിയകുളത്തിനുമിടയിൽ അണ്ണഞ്ചി വിളക്ക് എന്ന് സ്ഥലത്ത് പുലർച്ചെ ആയിരുന്നു അപകടം നടന്നത്. കോട്ടയത്തു നിന്നും സേലത്തേക്കു പോകുകയായിരുന്നു അപകടത്തിൽ പെട്ട കാറിലുണ്ടായിരുന്നത് മൂന്നു പേരാണ്. കോയമ്പത്തൂരിൽ നിന്നും വന്ന കർണാടക രജിസ്ട്രേഷനിലുള്ള ചരക്കു ലോറിയുമായാണ് കൂട്ടിയിടിച്ചത്.
അക്ഷയ് യും ഗോകുലും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ കോട്ടയം വടവാതൂർ സ്വദേശി അനന്ദുവിനെ ആദ്യം തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചിപ്പത്. തുടർന്ന് ബന്ധുക്കളുടെ ആവശ്യ പ്രകാരം കോട്ടയത്തേക്ക് മാറ്റി. അനന്ദുവിന്‍റെ സഹോദരി സേലത്ത് നഴ്സിംഗിനു പഠിക്കുകയാണ്. സുഖമില്ലാത്തതിനാൽ കുട്ടിയെ വീട്ടിലേക്ക് കൊണ്ടു വരുന്നതിനാണ് അനന്ദുവും സുഹൃത്തുക്കളും സേലത്തേക്ക് പോയത്. കാറിന്‍റെ പിൻ ചക്രം പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് തേനി അല്ലി നഗരം പൊലീസ് പറഞ്ഞു. അപകടത്തിൽ കാറിൻറെ പകുതിയോളം ഭാഗം പൂർണമായും തകർന്നു. അനന്ദുവിന്‍റെ അച്ഛൻറെ സുഹൃത്തിന്‍റേതാണ് അപകടത്തിൽ പെട്ട കാർ.