
പാലക്കാട്: പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറിയിൽ ജവാൻ മദ്യം ഉത്പാദിപ്പിക്കാനുള്ള പദ്ധതിക്ക് തിരിച്ചടിയായി ജലക്ഷാമം. വെള്ളം നൽകാനാകില്ലെന്ന് സമീപത്തെ രണ്ട് പഞ്ചായത്തുകൾ പ്രമേയം പാസാക്കിയതോടെ മറ്റ് വഴികൾ തേടേണ്ട സ്ഥിതിയാണ് ഇപ്പോൾ. ജവാൻ മദ്യം ഉത്പാദിപ്പിക്കാൻ പ്രതിദിനം വേണ്ടത് രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ്. ചിറ്റൂർ പുഴയിലെ കുന്നങ്കാട്ടുപതി റഗുലേറ്ററിലെ മുങ്കിൽമട ശുദ്ധ ജല പദ്ധതിയിൽ നിന്ന് പ്ലാന്‍റിലേക്ക് വെള്ളമെത്തിക്കാനായിരുന്നു തീരുമാനം.
ഇതിനായി 1.87 കോടി രൂപ ജലവിഭവ വകുപ്പിലേക്ക് അടയ്ക്കുകയും പൈപ്പുകളും മറ്റും വാങ്ങുകയും ചെയ്തു. എന്നാൽ, കടുത്ത ജല ക്ഷാമം നേരിടുന്ന മേഖലയായതിനാല്‍ വടകരപ്പതി, എലപ്പുള്ളി പഞ്ചായത്തുകൾക്ക് എതിർപ്പുണ്ട്. ഇത്രയും അളവിൽ ജലം പൈപ്പിട്ട് ഡിസ്റ്റിലറിക്ക് നൽകിയാൽ കടുത്ത ജലക്ഷാമം ഉണ്ടാകുമെന്നാണ് ആശങ്ക. ജലലഭ്യത ഉറപ്പാക്കി എത്രയും വേഗം പ്ലാന്‍റ് യാഥാർഥ്യമാക്കാനുളള നീക്കത്തിലാണ് സർക്കാര്‍.
ചിറ്റൂർ പുഴയിൽ നിന്ന് ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കാനുള്ള സാധ്യതയും മലബാർ ഡിസ്റ്റിലറീസ് ആലോചിക്കുന്നുണ്ട്. 20,000 ലിറ്റർ ശേഷിയുള്ള ടാങ്കറിൽ ദിവസവും വെള്ളം എത്തിച്ചാലും അധികച്ചെലവ് വരില്ലെന്നാണ് കരുതുന്നത്. പദ്ധതിക്ക് സാങ്കേതിക അനുമതി കിട്ടിയാൽ ഉടൻ പ്ലാന്‍റിന്‍റെ നിർമാണം വേഗത്തിലാക്കാനാണ് തീരുമാനം. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ വടക്കൻ മേഖലയിലെ ജവാൻ മദ്യത്തിന്‍റെ വിതരണം ഇവിടെനിന്നാകും. 15,000 കെയ്‌സാണ് പ്രതിദിന ഉത്‌പാദനശേഷി. ബിവറേജസ് കോർപ്പറേഷന്‍റെ അനുബന്ധ സ്ഥാപനമായിട്ടാകും മലബാർ ഡിസ്റ്റിലറീസ് പ്രവർത്തിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam