രണ്ട് ടണ്‍ പച്ചക്കറി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്; മാതൃകയായി ഇടുക്കിയിലെ കര്‍ഷകര്‍

By Web TeamFirst Published May 13, 2020, 10:44 AM IST
Highlights

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ്ക്ക് നല്‍കുന്നതിന്റെ ഭാഗമായി വിളവെടുത്ത കാബേജ് ദേവികുളം തഹസില്‍ദാര്‍ ജിജി എം. കുന്നപ്പള്ളിക്ക് കൈമാറി. 

ഇടുക്കി: പച്ചക്കറി പാടത്തെ വിളവുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് കൂടുതല്‍ കര്‍ഷകര്‍ രംഗത്ത്. വിളവെടുത്ത രണ്ട് ടണ്ണോളം വരുന്ന പച്ചക്കറിയാണ് നാലു കര്‍ഷകര്‍ കൊവിഡിന്റെ പ്രതിസന്ധി കാലഘട്ടത്തില്‍ സര്‍ക്കാരിന് കൈമാറിയത്. കഴിഞ്ഞയാഴ്ച എല്ലപ്പെട്ടി എസ്റ്റേറ്റിലെ കര്‍ഷകനായ വിജിയും കുടുംബവും തങ്ങള്‍ വിളയിച്ചെടുത്ത കാബേജിന്റെ ലാഭം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നന്മയുടെ വിളകളുമായി കൂടുതല്‍ കര്‍ഷകര്‍ രംഗത്തെത്തിയത്.

എല്ലപ്പെട്ടി എസ്റ്റേറ്റിലുള്ള കെ.കെ.ഡിവിഷനിലെ കര്‍ഷകരായ പി.കെ.സെന്തില്‍കുമാര്‍, കെ.വി. മനോഹരന്‍, ജെ.കെ. ജെയകൊടി, എസ്.കെ. സെല്‍വകുമാര്‍ എന്നിവരാണ് പച്ചക്കറികള്‍ സംഭാവന നല്‍കിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേ്ക്ക് നല്‍കുന്നതിന്റെ ഭാഗമായി വിളവെടുത്ത കാബേജ് ദേവികുളം തഹസില്‍ദാര്‍ ജിജി എം. കുന്നപ്പള്ളിക്ക് കൈമാറി. 

നന്മ നട്ടുവളര്‍ത്തി നാടിന് കരുതലായ കര്‍ഷകരെ ദേവികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാര്‍ അനുമോദിച്ചു. കാബേജ്, ക്യാരറ്റ്, കിഴങ്ങ്, കോളിഫ്ലവര്‍ ഉള്‍പ്പെടെയുള്ള രണ്ട് ടണ്ണോളം വരുന്ന പച്ചക്കറിയാണ് കര്‍ഷകര്‍ നല്‍കിയത്. വിളവിന്റെ ലാഭം നാടിന് നല്‍കിയ കര്‍ഷകരെ ഷാള്‍ അണിയിച്ച് ആദരിക്കുകയും ചെയ്തു. 

click me!