കോഴിക്കോട് നിന്ന് കാണാതായ രണ്ടരവയസുകാരന്‍ കുളത്തില്‍ വീണുമരിച്ചു

By Web TeamFirst Published Oct 15, 2021, 4:03 PM IST
Highlights

ക്വാർട്ടേഴ്സിന് സമീപത്തെ കുളത്തിലാണ് വീണ നിലയിലാണ് കുട്ടിയെ  കണ്ടെത്തുന്നത്.രാവിലെ മുതൽ കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നു

കോഴിക്കോട്: വീട്ടിൽ നിന്ന് കാണാതായ കുട്ടി സമീപത്തെ കുളത്തിൽ വീണു മരിച്ചു (Drowning). നാദാപുരം കല്ലാച്ചി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക ജിഷ മോൾ അഗസ്റ്റിന്റെയും ആലക്കോട് കരുവൻഞ്ചാൽ ചമ്പനാനിക്കൽ സുജിത്ത് സെബാസ്റ്റ്യന്റെയും ഇളയ മകൻ ജിയാൻ സുജിത്ത് (രണ്ടര) ആണ് മരണപ്പെട്ടത്. കല്ലാച്ചി പയന്തോങ്ങിൽ ഇവർ താമസിക്കുന്ന  ക്വാർട്ടേഴ്സിന് സമീപത്തെ കുളത്തിലാണ് വീണ നിലയിലാണ് കുട്ടിയെ  കണ്ടെത്തുന്നത്.


രാവിലെ മുതൽ കുട്ടിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും തെരച്ചിൽ നടത്തിയിരുന്നു.  അങ്ങനെയാണ് കുളത്തിൽ കുട്ടിയെ കണ്ടെത്തുന്നത്. കുഞ്ഞിനെ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വടകര സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ഒരു മണിയോടെ മരണപ്പെടുകയായിരുന്നു.  ആശുപത്രിയിൽ എത്തിച്ച  കുട്ടിക്ക് ശ്വാസം ഉണ്ടായിരുന്നെങ്കിലും  ജീവന്‍ രക്ഷിക്കാനായില്ല.

കണ്ണൂർ  ജില്ലയിൽ നിന്ന് സ്ഥലം മാറി കല്ലാച്ചി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലേക്ക് വന്നതായിരുന്നു ഫിസിക്സ് അധ്യാപികയായ ജിഷ മോൾ അഗസ്റ്റിനും കുടുംബവും.ജിയാന്‍റെ ദാരുണ മരണം പ്രദേശത്തെ ആകെ വിഷമത്തിലാക്കിയിരിക്കുകയാണ്. പത്ത് മണിയോടെ  കാണാതായ കുട്ടി എങ്ങനെ കുളത്തിലെത്തിയെന്ന കാര്യം ആർക്കും മനസിലാക്കാനായിട്ടില്ല. ക്വാട്ടേഴ്സിലുള്ള ആളുകളുടെ കണ്ണ് വെട്ടിച്ച് എങ്ങനെ കുളത്തിന് അടുത്ത് രണ്ടര വയസുകാരനെത്തിയെന്നത് ഏവരെയും അമ്പരിപ്പിക്കുന്നത്. 

click me!