വൈദ്യുത വേലിയും മറ്റു തടസ്സങ്ങളുമെല്ലാം ഇണ്ടായിട്ടും അവയെല്ലാം നിഷ്പ്രയാസം മറികടക്കാനുള്ള ബുദ്ധി ഈ കാട്ടുകൊമ്പനുണ്ട്.
സുല്‍ത്താന്‍ ബത്തേരി:മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറങ്ങി. നടപടികൾ പുരോഗമിക്കുന്നതിനിടയിലും ജനവാസ കേന്ദ്രങ്ങളിൽ എത്തി മുട്ടിക്കൊമ്പൻ. വയനാട് സുൽത്താൻ ബത്തേരി വടക്കനാട് കല്ലൂർക്കുന്ന്, പഴേരി മേഖലയിൽ ജനവാസമേഖലയിൽ ആളുകളെ ആക്രമിച്ച കാട്ടാനയാണ് മുട്ടിക്കൊമ്പൻ. 2024 മുതൽ ഈ മേഖലയിൽ മുട്ടിക്കൊമ്പന്റെ ശല്യം രൂക്ഷമാണ്. അപകടകാരിയാണെന്ന് വ്യക്തമാവുകയും നാട്ടുകാരുടെ നിരന്തര ആവശ്യങ്ങൾക്കിടയിലാണ് മുട്ടിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ഉത്തരവിറങ്ങുന്നത്. ഇന്നലെയും ജനവാസ കേന്ദ്രങ്ങളിലേക്ക് മുട്ടിക്കൊമ്പനെത്തി. വൈദ്യുത വേലിയും മറ്റു തടസ്സങ്ങളുമെല്ലാം ഇണ്ടായിട്ടും അവയെല്ലാം നിഷ്പ്രയാസം മറികടക്കാനുള്ള ബുദ്ധി ഈ കാട്ടുകൊമ്പനുണ്ട്. ഇന്നലെ താത്തൂര്‍ സെക്ഷനിലുള്‍പ്പെട്ട വടക്കനാട് കല്ലൂര്‍ക്കുന്നില്‍ ഷോക്കുള്ള തൂക്കുവേലി കടക്കാന്‍ അതിലേക്ക് മരം തള്ളിയിടുകയായിരുന്നു. കൃഷിയിടത്തിലിറങ്ങിയ കാട്ടാന കവുങ്ങുകളും തെങ്ങുകളും യഥേഷ്ടം നശിപ്പിച്ചു. തട്ടകത്ത് സിബിയുടെ പറമ്പിലെ കവുങ്ങുകളും തെങ്ങും വാഴകളുമാണ് നശിപ്പിച്ചത്. ഏതാനും ദിവസം മുമ്പ് ഈ മേഖലയിലാണ് ഒരു കര്‍ഷകനെ കാട്ടാന ആക്രമിച്ചു കൊലപ്പെടുത്തിയത്.
വനാതിര്‍ത്തിയില്‍ സ്ഥാപിച്ച തൂക്കുവേലി മറികടക്കുന്നത് കൊമ്പന്റെ സ്ഥിരം ഏര്‍പ്പാടാണെന്ന് കര്‍ഷകര്‍ പറയുന്നു. വേലിയില്‍ വൈദ്യുതി പ്രവാഹമുണ്ടോ എന്ന് നോക്കുകയായിരിക്കും ആദ്യം ചെയ്യുക. ഇതിനായി ചെറുമര ശിഖരങ്ങള്‍ വേലിയിലേക്ക് വലിച്ചെറിയും. കറന്റുണ്ട് എന്ന അറിയുന്ന നിമിഷം പിന്‍മാറും. പിന്നീട് തെല്ല് വലിയ മരങ്ങള്‍ തള്ളിവീഴ്ത്തി അത് വലിച്ച് കൊണ്ടുവന്ന് വേലി തകര്‍ക്കലാണ് അടുത്ത പരിപാടി. മയക്കുവെടിവെക്കാനുള്ള ഉത്തരവ് നിലനില്‍ക്കെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ രാവിലെ 5.50-ഓടെയാണ് ആനയെ സിബിയുടെ പറമ്പില്‍ കണ്ടത്. അപകടകാരിയായ ആനയായതിനാൽ തുരത്തിയോടിക്കാന്‍ കഴിയില്ല . സുരക്ഷിത സ്ഥാനത്ത് നിന്ന് മാത്രമെ ശബ്ദുമുണ്ടാക്കാനും പടക്കം പൊട്ടിക്കാനും കഴിയൂ. അല്ലാത്ത പക്ഷം തിരികെ ഓടിയെത്തി മനുഷ്യരുടെ ജീവനെടുത്തെ മടങ്ങൂ എന്നാണ് കര്‍ഷകര്‍ വിശദമാക്കുന്നത്.
കുറിച്യാട് റെയ്ഞ്ചിലെ വനപാലകരും ബത്തേരി ആര്‍.ആര്‍.ടി.യുമടങ്ങുന്ന സംഘം ആനയെ നിരീക്ഷിച്ചുവരികയാണിപ്പോള്‍. ആനയെ മയക്കുവെടിവെച്ച് പിടിച്ചാല്‍ പാര്‍പ്പിക്കാനുള്ള കൂടൊരുക്കാന്‍ യൂക്കാലിമരങ്ങള്‍ മുറിക്കുന്നതിന് അനുമതിയായിരുന്നു. അടയാളമിട്ട മരങ്ങള്‍ ചൊവ്വാഴ്ച മുറിക്കുകയും ചെയ്തു. മുറിച്ചെടുത്ത മരങ്ങള്‍ മുത്തങ്ങ ആനപ്പന്തിയിലെത്തിച്ചാണ് കൂട് നിര്‍മിക്കുന്നത്. നേരത്തേ പന്തല്ലൂര്‍ മഖ്ന (പി.എം-2) ആനയെ പാര്‍പ്പിച്ച കൂട് നവീകരിക്കുകയോ പുതിയത് നിര്‍മിക്കുകയോ ചെയ്യാനാണ് വനംവകുപ്പിന്റെ തീരുമാനം. കൂടിന്റെ ബലപരിശോധനയടക്കം പൂര്‍ത്തിയായ ശേഷം മാത്രമെ ആനയെ മയക്കുവെടിവെക്കാനാകൂ. പുതിയകൂട് രണ്ടുമൂന്ന് ദിവസത്തിനുള്ളില്‍ നിര്‍മിക്കാനാകുമെന്നാണ് വനംവകുപ്പ് പറയുന്നത്. കൂട് നിര്‍മാണം കഴിഞ്ഞാല്‍ ഒന്‍പത് സംഘങ്ങളായി തിരിഞ്ഞ് മുട്ടിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം തുടങ്ങും.വടക്കനാട് പച്ചാടി സ്വദേശി നടുവീട്ടില്‍ രാജീവ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ കഴിഞ്ഞ ബുധനാഴ്ചയാണ് ആനയെ മയക്കുവെടിവെച്ച് പിടിക്കാന്‍ ഉത്തരവിറങ്ങിയത്. ഇതിനിടെ, മൂന്നുതവണ മുട്ടിക്കൊമ്പന്‍ വടക്കനാടും കരിപ്പൂരുമടക്കമുള്ള പ്രദേശങ്ങളിലിറങ്ങി കൃഷി നശിപ്പിച്ചു. പിടികൂടാന്‍ ഓരോദിവസം വൈകുന്തോറും ഒട്ടേറെ നാശങ്ങളാണ് ആന ഉണ്ടാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.


