20കാരി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിയത് നടുവേദനയെന്ന് പറഞ്ഞ്, രാത്രി ശുചുമുറിയിൽ കുഞ്ഞിന്‍റെ കരച്ചിൽ; ജനലിലൂടെ പുറത്തെറിഞ്ഞ കുഞ്ഞിനെ രക്ഷിച്ചു

Published : May 26, 2026, 07:00 PM IST
new born child

Synopsis

ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ പന്ത്രണ്ട് മണിയോടെ യുവതി ശുചിമുറിയിൽ കയറുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ രക്തവാർച്ച കണ്ടത്.

ഹരിപ്പാട്: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അവിവാഹിതയായ ഇരുപതുകാരി പ്രസവിച്ചയുടനെ നവജാതശിശുവിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. തിങ്കളാഴ്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. പുറത്ത് കല്ലുകൾക്കും കമ്പികൾക്കും ഇടയിൽ വീണ പെൺകുഞ്ഞ് അത്ഭുതകരമായാണ് ജീവനോടെ രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഒൻപതരയോടെയാണ് യുവതിയെ ശക്തമായ വയറുവേദനയെത്തുടർന്ന് പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആർത്തവസംബന്ധമായ നടുവേദനയും വയറുവേദനയുമാണെന്നാണ് യുവതിയും വീട്ടുകാരും ഡോക്ടർമാരോട് പറഞ്ഞിരുന്നത്. യുവതി പൂർണ ഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാർക്കും അറിയില്ലായിരുന്നു.

ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെ പന്ത്രണ്ട് മണിയോടെ യുവതി ശുചിമുറിയിൽ കയറുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് സംശയം തോന്നിയ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരും ഡോക്ടർമാരും അന്വേഷിച്ചെത്തിയപ്പോഴാണ് ശുചിമുറിയിൽ രക്തവാർച്ച കണ്ടത്. ഇതേസമയം തന്നെ ആശുപത്രി കെട്ടിടത്തിന് പുറകിൽ നിന്നും കുഞ്ഞിന്റെ കരച്ചിലും കേട്ടു. ശുചിമുറിയുടെ വെന്റിലേറ്റർ ജനലിലൂടെ കുഞ്ഞിനെ യുവതി പുറത്തേക്ക് എറിയുകയായിരുന്നു. വീണ സ്ഥലത്തിന് തൊട്ടടുത്ത് വലിയ കല്ലും ഇരുമ്പ് കമ്പിയുമൊക്കെ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ കുഞ്ഞ് രക്ഷപ്പെട്ടു. കുഞ്ഞിനെ പുറത്തെറിഞ്ഞ ആ നിർണായക നിമിഷത്തിൽ തന്നെ ആശുപത്രിയുടെ പിന്നിൽ നിന്നും ജീവനക്കാരുടെ കാതുകളിൽ കുഞ്ഞിന്റെ കരച്ചിൽ എത്തിയത് വലിയൊരു ഭാഗ്യമായി.

ശബ്ദം കേട്ടയുടൻ ഒട്ടും സമയം കളയാതെ ജീവനക്കാർ ടവലുകളുമായി ഓടിയെത്തുകയായിരുന്നു. ചോരയിൽ കുളിച്ചുകിടന്ന കുഞ്ഞിനെ അറ്റൻഡർ അനിൽ അടിയന്തര ശുശ്രൂഷകൾക്കായി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. രൂക്ഷമായ തെരുവുനായ ശല്യമുള്ള ആശുപത്രി വളപ്പിൽ നിന്ന് കുഞ്ഞിനെ കണ്ടെത്താൻ മിനിറ്റുകൾ വൈകിയിരുന്നെങ്കിൽ ജീവൻ നഷ്ടമാകുമായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. തിഷ്യ, നഴ്‌സിങ് ഓഫിസര്‍ നിഷ എന്നിവരുടെ നേതൃത്വത്തിലാണ് അത്യാഹിത വിഭാഗത്തിലെ മറ്റ് ജീവനക്കാരും ചേർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. മൂന്ന് കിലോ ഇരുനൂറ് ഗ്രാം തൂക്കമുള്ള ആരോഗ്യവതിയായ കുഞ്ഞാണിത്. നായ്ക്കളുടെ ഭീഷണിയുള്ള ആശുപത്രി പരിസരത്ത് നിന്നും കുഞ്ഞിന്റെ ശബ്ദം കൃത്യസമയത്ത് തിരിച്ചറിഞ്ഞ് അതിവേഗം രക്ഷപ്പെടുത്താൻ ഒപ്പം നിന്ന അറ്റൻഡർ അനിൽ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രി ജീവനക്കാരുടെയും മാതൃകാപരമായ പരിശ്രമത്തെ ആശുപത്രി അധികൃതരും നാട്ടുകാരും അഭിനന്ദിച്ചു.

ആശുപത്രി അധികൃതർ ഉടൻ തന്നെ ഹരിപ്പാട് പൊലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരമറിയിച്ചു. തുടർന്ന് പൊലീസിന്റെ സാന്നിധ്യത്തിൽ അമ്മയെയും കുഞ്ഞിനെയും വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞ് നവജാത ശിശുക്കളുടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. യുവതിക്കെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ദുരന്ത നിവാരണത്തിന് മുക്കാല്‍ കോടി രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി തിരുവനന്തപുരം നഗരസഭ; ജീവനക്കാര്‍ക്ക് പരിശീലനവും നൽകി
ആശുപത്രിയിൽ നിന്നും ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങുംവഴി കാർ മരത്തിലിടിച്ചു; വൃദ്ധ മരിച്ചു, മകനും ബന്ധുവിനും പരിക്ക്