20 വര്‍ഷത്തെ ഒളിവ് ജീവിതം; ഒടുവില്‍ ആറ്റിങ്ങല്‍ അയ്യപ്പന്‍ പൊലീസ് വലയില്‍

By Web TeamFirst Published Feb 28, 2021, 5:44 PM IST
Highlights

കടയ്ക്കാവൂര്‍ കൊല്ലമ്പുഴയില്‍ മണിക്കുട്ടന്‍ വധക്കേസിലെയും തിരുവനന്തപുരം സിറ്റിയില്‍ തിരുവല്ലത്ത് അബ്ദുള്‍ ജാഫര്‍ വധക്കേസിലെയും പ്രധാന പ്രതിയാണ് ഇയാള്‍.
 

തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിലധികമായി പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാ പുള്ളിയും നിരവധി കേസുകളിലെ പ്രതിയുമായ ആറ്റിങ്ങല്‍ അയ്യപ്പന്‍ പിടിയില്‍. തമിഴ്‌നാട് തക്കല തൃക്കോല്‍വട്ടം സ്വദേശിയും ആറ്റിങ്ങല്‍ ബിടിഎസ് റോഡില്‍ സുബ്രഹ്മണ്യവിലാസത്തില്‍ ആറ്റിങ്ങല്‍ അയ്യപ്പന്‍ എന്ന വിളിപ്പേരുള്ള  ബിജു(50)വിനെയാണ് തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ സംഘം പിടികൂടിയത്. 

കൊലപാതകം, വധശ്രമം, മോഷണം അടക്കം ഒട്ടനവധി കേസുകളില്‍ പൊലീസ് ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടിലെ മേല്‍വിലാസം ഉപയോഗിച്ച് കരസ്ഥമാക്കിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ ഇടക്ക് വിദേശത്തേക്ക് കടന്നിരുന്നു. നേപ്പാള്‍, ദില്ലി, മുംബൈ എയര്‍പോര്‍ട്ടുകള്‍ വഴി രഹസ്യമായി ഇയാള്‍ നാട്ടില്‍ വന്ന് പോയിരുന്നുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും രഹസ്യമായി വസ്തുവും വീടും വാങ്ങി ഒളിവില്‍ താമസിച്ചിരുന്നു. വിദേശത്ത് ആയിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെ ഉപയോഗിച്ച് ഇയാള്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 

കടയ്ക്കാവൂര്‍ കൊല്ലമ്പുഴയില്‍ മണിക്കുട്ടന്‍ വധക്കേസിലെയും തിരുവനന്തപുരം സിറ്റിയില്‍ തിരുവല്ലത്ത് അബ്ദുള്‍ ജാഫര്‍ വധക്കേസിലെയും പ്രധാന പ്രതിയാണ് ഇയാള്‍. ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, വര്‍ക്കല, തിരു. മെഡിക്കല്‍ കോളേജ്, മ്യൂസിയം, പൂജപ്പുര, തിരുവല്ലം പൊലീസ് സ്റ്റേഷന്‍ പരിധികളിലെ വധശ്രമ കേസുകള്‍ അടക്കം നിരവധി കേസുകളിലും പിടികിട്ടാപുള്ളിയാണ് ഇയാള്‍.
 

click me!