
ഇടുക്കി: ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 5.295 കിലോഗ്രാം കഞ്ചാവുമായി ഒരാള്‍ പിടിയിലായി. ഉടുമ്പഞ്ചോല താലൂക്കിൽ ബൈസൺവാലി വില്ലേജിൽ ഇരുപതേക്കർ കരയിൽ കുളക്കാച്ചി വയലിൽ മഹേഷ് മണി എന്ന 21കാരനെയാണ് എക്സൈസ് സംഘം തന്ത്രപരമായി പിടികൂടിയത്.
ഇരുമ്പുപാലം മേഖലയിൽ മയക്കുമരുന്നിൻ്റെ ഉപയോഗം വർദ്ധിച്ചു വരുന്നതായി ലഭിച്ച പരാതികളെ തുടർന്ന് തുടർച്ചയായി നടത്തിയ പരിശോധനകൾക്ക് ഒടുവിലാണ് പ്രതിയെ സാഹസികമായി എക്സൈസ് സംഘം കീഴ്പ്പെടുത്തിയത്. മണം പുറത്ത് വരാത്ത രീതിയിൽ പ്ലാസ്റ്റിക്ക് ടേപ്പുകൾ കൊണ്ട് സീൽ ചെയ്ത് ട്രെയിൻ മാർഗ്ഗം ആന്ധ്രപ്രദേശിൽ നിന്നെത്തിച്ച കഞ്ചാവ് വിൽപ്പനക്കായി കൊണ്ടു വരുന്നതിനിടയിലാണ് പ്രതി അറസ്റ്റിലായത്. ആന്ധ്രപ്രദേശിൽ പോയി കഞ്ചാവ് കൊണ്ട് വന്ന് സൂക്ഷിച്ച് കേരളത്തിലെ വിവിധ ജില്ലകളിലെത്തിച്ച് വിൽപ്പന നടത്തുന്ന കണ്ണിയിൽ പെട്ടയാളാണ് യുവാവെന്നാണ് പൊലീസ് വിശദമാക്കുന്നത്.
കഞ്ചാവ് കച്ചവടവുമായി ബന്ധപ്പെട്ട് ഇയാളുമായി ബന്ധപ്പെട്ടവരെയെല്ലാം കുറിച്ച് എക്സൈസ് സംഘം ഊർജിതമായ അന്വേഷണം നടത്തുന്നുണ്ട്. മുപ്പതിനായിരം രൂപയ്ക്കാണ് ഒരു കിലോ കഞ്ചാവ് പ്രതി കേരളത്തിലെത്തിച്ച് വിൽപ്പന നടത്തിയിരുന്നത്. മുൻപ് സാമ്പത്തിക തർക്കത്തെത്തുടർന്ന് വെട്ടുകേസിലടക്കം ക്രിമിനൽ കേസുകളിൽ പെട്ട് ജയിൽ ശിക്ഷയനുഭവിച്ചിട്ടുണ്ട് ഇയാള്‍.
അടിമാലി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ കെ വി സുകു ,റോയിച്ചൻ കെ പി, സിവിൽ എക്സൈസ് ഓഫീസർമാരായ മീരാൻ കെ എസ്, രാഹുൽ കെ രാജ്, ഹാരിഷ് മൈതീൻ, രഞ്ജിത്ത് കവി ദാസ്, ശരത്ത് എസ് പി എന്നിവരാണ് പങ്കെടുത്തത്. പ്രതിയെ അടിമാലി കോടതിയിൽ ഹാജരാക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam