
പൊന്നാനി: പൊന്നാനിയിൽ നിന്ന് കാണാതായ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വയനാട്ടിലെ ഒളിസങ്കേതത്തിൽ കണ്ടെത്തി. പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടു പോയ കാമുകനെയും സംഘത്തെയും പൊലീസ് പിടികൂടി. കഴിഞ്ഞ 19 നാണ് പെൺകുട്ടിയെ കാണാതായത്. പ്രണയം നടിച്ച് കാമുകൻ കടവനാട് സ്വദേശി നിഖിൽ കുമാറുമായാണ് ( 23 ) പെൺകുട്ടി നാടുവിട്ടത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ബോധ്യമുണ്ടായിട്ടും ഇയാൾ പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
വാഹനം വാടകക്കെടുത്ത് പെൺകുട്ടിയുമായി എറണാംകുളത്ത് എത്തി. പിന്നീട് വാഹനം അവിടെ ഉപേക്ഷിച്ച് ട്രയിൻ മാർഗം സേലം, പൊള്ളാച്ചി, ചിദംബരം എന്നിവിടങ്ങളിൽ കറങ്ങി. ചിദംബരത്ത് വാടകവീടെടുത്ത് കഴിയുകയായിരുന്നു. ചിദംബരത്ത് വെച്ച് മൂന്നു ദിവസം പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് മംഗലാപുരം വഴി ഇവർ വയനാട്ടിലെ വിവിധയിടങ്ങളിലെത്തി താമസിച്ചു. ഗോവയിൽ പോകാനായിരുന്നു ഇവരുടെ പദ്ധതി.
പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതി പ്രകാരം അന്വേഷണം ആരംഭിച്ച പൊലീസ് ഉപേക്ഷിച്ച വാഹനം കണ്ടെടുത്തിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത പ്രതി മറ്റു മാർഗങ്ങളിലൂടെയാണ് സുഹൃത്തുക്കളുമായി ആശയവിനിമയം നടത്തിയിരുന്നത്. പൊന്നാനി സ്റ്റേഷനിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ പൊന്നാനി പൊലീസിൻ്റെ സമർത്ഥമായ നീക്കങ്ങൾക്കൊടുവിലാണ് വയനാട് നിന്ന് പിടികൂടിയത്. ഇയാൾക്ക് പുറമെ സഹായികളായ പൊന്നാനി സ്വദേശി ശരത് സതീശൻ ( 23 ), വൈശാഖ് (23) എന്നിവരെയും അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പോക്സോ പ്രകാരമാണ് കേസെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam