
കോഴിക്കോട്: ഒളവണ്ണ സ്വദേശിയായ പെൺകുട്ടിയെ പ്രണയം നടിപ്പിച്ച് പീഡിപ്പിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന അയൽവാസിയായ 23 കാരൻ പിടിയിൽ. ഇരയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോഴിക്കോട് ഒളവണ്ണയിൽ പോക്സോ കേസിലാണ് ഒളിവിലായിരുന്ന പ്രതി പിടിയിലായത്. ഒളവണ്ണ സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കള്ളിക്കുന്ന് സ്വദേശി സാലിഹ് എന്ന 23 കാരനാണ് കേസിൽ പിടിയിലായത്. കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സംഭവം ഇങ്ങനെ
ഒളവണ്ണ സ്വദേശിനിയായ പ്രായ പൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ പ്രണയം നടിച്ച് ലൈംഗികതിക്രമം നടത്തിയ അയൽവാസിയാണ് സാലിഹ്. ജില്ലാ പൊലീസ് മേധാവി ഡി ഐ ജി. എ.അക്ബർ ഐ പി എസിന്‍റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും പന്തീരങ്കാവ് ഇൻസ്പെക്ടർ ഗണേഷ്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. ധനഞ്ജയ് ദാസും സംഘവുമാണ് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞത് മുതൽ മൊബൈൽ ഫോൺ ഓഫ് ചെയ്ത് ബാംഗ്ലൂരിലേക്ക് കടന്ന പ്രതി പൊലീസിന്‍റെ കണ്ണ് വെട്ടിച്ച് പല സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു. പൊലീസ് പിൻതുടരുന്നെന്ന് മനസ്സിലാക്കിയപ്പോൾ നാട്ടിലെ സുഹൃത്തുക്കളുടെ സഹായത്തോടെ തമിഴ്നാട്ടിലെ ഹൊസൂരിനടുത്തുള്ള ഒളിത്താവളത്തിലേക്ക് മാറുകയുമായിരുന്നു. എന്നാൽ ശാസ്ത്രീയ അന്വേഷണത്തിലൂടെ സ്പെഷ്യൽ ആക്ഷൻഗ്രൂപ്പ് ഒളിത്താവളം മനസിലാക്കിയപ്പോൾ ഇയാൾ കേരളത്തിലേക്ക് കടക്കുകയും തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിൽ പ്രതി വലയിലാവുകയുമായിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിൽ ഇയാൾക്ക് ഒളിവിൽ കഴിയാനും മറ്റും സഹായങ്ങൾ ചെയ്ത സുഹൃത്തുക്കളെ ക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. പ്രതിയെ പിടികൂടാൻ വൈകുന്നതിനെതിരെ മുഖ്യമന്ത്രിക്ക് ഇരയുടെ മാതാവ് പരാതിനൽകിയിരുന്നു. തുടർന്നാണ് ഡി സി പി. ശ്രീനിവാസ് ഐ പി എസിന്‍റെ നിർദ്ദേശ പ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയിൽ പ്രതി കോഴിക്കോട് എത്തിയതായും, പല പല' സ്ഥലങ്ങളിൽ മാറി മാറി താമസിക്കുന്നതായും മനസിലാക്കിയ അന്വേഷണ സംഘം വേഷപ്രച്ഛന്നരായി പിൻതുടർന്ന് സാഹസികമായാണ് ഇയാളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ മോഹൻദാസ് , എസ് സി പി ഒ മാരായ ഹാദിൽ കുന്നുമ്മൽ , ശ്രീജിത്ത് പടിയാത്ത് ,ഷഹീർ പെരുമണ്ണ, സി പി ഒ മാരായ സുമേഷ് ആറോളി, രാകേഷ് ചൈതന്യo , അർജുൻ എ കെ , പന്തീരാങ്കാവ് സ്റ്റേഷനിലെ സി പി ഒ ശ്രീജിത്ത് സൈബർ സെല്ലിലെ രൂപേഷ് സി എന്നിവരും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam