
പത്തനംതിട്ട: കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പണം സ്വീകരിക്കാനും കൈമാറാനും ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടായ മ്യൂൾ അക്കൌണ്ട് വഴി പണം തട്ടിയെടുത്ത യുവതി കോയിപ്രം പൊലീസിന്റെ പിടിയിലായി. പെരുമ്പെട്ടി വലിയകുളം എന്ന സ്ഥലത്ത് പാണ്ട്യത്ത് വീട്ടിൽ ആര്യ ആനി സ്കറിയ (23)ആണ് മ്യൂൾ അക്കൗണ്ട് വഴി പണം തട്ടിയെടുത്ത കേസിൽ പിടിയിലായത്. തടിയൂർ സൌത്ത് ഇൻഡ്യൻ ബാങ്ക് ശാഖയിലെ പ്രതിയുടെ അക്കൌണ്ട് ഉപയോഗിച്ച് സംഘടിത സൈബർ തട്ടിപ്പു കുറ്റക്യത്യങ്ങളിലെ കണ്ണിയായി പ്രവർത്തിക്കുകയായിരുന്നു ആര്യ ആനി സ്കറിയ എന്ന് പൊലീസ് പറഞ്ഞു.
തട്ടിപ്പിലൂടെ പലരുടെയും അക്കൌണ്ടിൽ നിന്നും പണം സ്വരൂപിച്ച് മറ്റ് പ്രതികൾക്ക് അയച്ച് കൊടുക്കുകയും, കമ്മീഷൻ തുക കൈപ്പറ്റിയുമാണ് പ്രതി പണം സമ്പാദിച്ചിരുന്നത്. ഡിജിറ്റൽ തട്ടിപ്പിലൂടെ കോടികൾ തട്ടുന്ന സംഘങ്ങളെയും സഹായികളെയും പിടികൂടാൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആനന്ദ് .ആർ ഐ.പി.എസിന്‍റെ നേതൃത്വത്തിൽ നടന്ന റെയ്ഡിന്റെ ഭാഗമായാണ് ആര്യ അറസ്റ്റിലായത്. കോയിപ്രം പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന റെയ്ഡിൽ സബ്ബ് ഇൻസ്പെക്ടർ രാജീവ് ആർ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. റെയ്ഡിൽ എസ്.ഐ വിഷ്ണുരാജ്, എസ്.സി.പി.ഒ ഷബാന, സി.പി.ഒ മാരായ അനന്തു, അരവിന്ദ് എന്നിവരും പങ്കാളികളായി പ്രതിയെ പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.