24 മണിക്കൂറും തലസ്ഥാനത്ത് കര്‍മനിരതം; കൊവിഡ് സംശയങ്ങള്‍ക്ക് 1077ലേക്ക് വിളിക്കാം

Published : Mar 18, 2020, 05:31 PM IST
24 മണിക്കൂറും തലസ്ഥാനത്ത് കര്‍മനിരതം;  കൊവിഡ് സംശയങ്ങള്‍ക്ക് 1077ലേക്ക് വിളിക്കാം

Synopsis

കോള്‍ സെന്ററില്‍ പത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും 18 ട്രെയിനികളും അടങ്ങുന്ന സംഘമാണ് മൂന്ന്  ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ മെഡിക്കല്‍ ഓഫീസര്‍മാരും കമ്മ്യൂണിറ്റി മെഡിസിന്‍ പിജി വിദ്യാര്‍ഥികളും മുഴുവന്‍ സമയവും കോള്‍ സെന്ററിലുണ്ട്  

തിരുവനന്തപുരം:  കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഏതു സമയത്തും തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റിലെ കോള്‍ സെന്ററിലേക്ക് വിളിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. കളക്ട്രേറ്റിലെ രണ്ടാം നിലയില്‍ ദുരന്തനിവാരണ വിഭാഗത്തോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററില്‍ പത്ത് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും 18 ട്രെയിനികളും അടങ്ങുന്ന സംഘമാണ് മൂന്ന്  ഷിഫ്റ്റുകളിലായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്.

ഇവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ മെഡിക്കല്‍ ഓഫീസര്‍മാരും കമ്മ്യൂണിറ്റി മെഡിസിന്‍ പിജി വിദ്യാര്‍ഥികളും മുഴുവന്‍ സമയവും കോള്‍ സെന്ററിലുണ്ട്. 1077 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിക്കുന്നവര്‍ക്ക് സെന്ററിലേക്ക് നേരിട്ട് ബന്ധപ്പെടാം. ട്രാഫിക്ക് ഒഴിവാക്കാനായി 12 ടെലിഫോണ്‍ ലൈനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ലൈനില്‍ ട്രാഫിക് അമിതമാകുമ്പോള്‍ ഉണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബിഎസ്എന്‍എല്‍ ജീവനക്കാരും സദാ സന്നദ്ധരാണ്.

ഫയര്‍ഫോഴ്‌സ്, റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരും കോള്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. ദിവസേന നൂറുകണക്കിന് കോളുകളാണ് ഇവിടേക്കെത്തുന്നത്. രോഗികളുടെ  റൂട്ട് മാപ്പ്  പ്രസിദ്ധീകരിക്കുമ്പോള്‍ അതില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ പോയിട്ടുള്ളവരും, രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ സംശയദൂരീകരണത്തിനായി വിളിക്കുന്നവരുമാണ് ഏറെ.

പരാതി പറയാനും മറ്റു വകുപ്പുകള്‍ നടപടി എടുക്കേണ്ട വിഷയങ്ങളും പൊതുജനങ്ങള്‍ കോള്‍ സെന്റര്‍ മുഖേന പങ്കുവെക്കുന്നുണ്ട്. വിദേശത്തു നിന്ന് വന്നവര്‍ വിളിക്കുമ്പോള്‍ രോഗിയുമായുള്ള സമ്പര്‍ക്കം, രോഗ ലക്ഷണം, നാട്ടില്‍ എത്തിയിട്ട് എത്ര ദിവസമായി തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചശേഷം ഹോം ക്വാറന്റൈനില്‍ പ്രവേശിക്കണമെങ്കില്‍ അതിന്റെ നിര്‍ദേശം നല്‍കും.

അങ്ങനെ പ്രവേശിച്ചവര്‍ക്ക് അതത് പ്രദേശത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ സേവനവും ലഭ്യമാക്കാറുണ്ട്. കോള്‍ സെന്ററില്‍ റവന്യു-ആരോഗ്യ വകുപ്പ് അധികൃതര്‍ സന്ദര്‍ശിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുവരുന്നു. കൂടാതെ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ എല്ലാ ദിവസവും സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉള്ളിൽ ഉന്നത ഉദ്യോഗസ്ഥരെന്ന് അറിഞ്ഞില്ല, ആക്രി ലോറി തടഞ്ഞിട്ടു, 3 ലക്ഷം കൈക്കൂലി കൈനീട്ടി വാങ്ങി, ജിഎസ്ടി എൻഫോഴ്‌സ്മെന്റ് ഇൻസ്‌പെക്ടർ പിടിയിൽ
കാണിക്കവഞ്ചിയിലെ പണം എണ്ണുമ്പോൾ അടിച്ചുമാറ്റി, കോൺഗ്രസ് നേതാവ് റിമാൻഡിൽ