
മാന്നാർ: വെള്ളമെത്താനുള്ള വഴിയടഞ്ഞതോടെ പാടം വിണ്ടുകീറുന്നു. ഇതോടെ ചെന്നിത്തല രണ്ടാം ബ്ലോക്ക് പാടശേഖരത്തിൽ കൃഷി പ്രതിസന്ധിയിൽലായി. 250 ഏക്കറോളം വരുന്ന പാടത്തെ നെല്‍ ചെടികളാണ് വെള്ളം കിട്ടാത്തത് മൂലം ഉണങ്ങുന്നത്. വർഷങ്ങളായി തരിശിടാതെ കൃഷിയിറക്കുന്ന പാടം കൂടിയാണിത്.
അച്ചൻകോവിലാറിന്‍റെ കൈ വഴിയായ പുത്തനാറ്റിൽ നിന്നും ആരംഭിക്കുന്ന വെട്ടിക്കൊമ്പൻ കേരി തോട്, വല്ലൂർതോട്, തെളപ്പുഴത്തോട്. പാമ്പനം ചിറത്തോട് എന്നിവിടങ്ങളിൽ മോട്ടോർ സ്ഥാപിച്ചാണ് ജലസേചനം നടത്തിയിരുന്നത്. ഈ പുഞ്ച നിലത്തിന്‍റെ ഉയർന്ന പ്രദേശങ്ങളിൽ കൃഷിയിറക്കിയാൽ കൂടുതൽ ഭാഗങ്ങളിലേക്ക് ആവശ്യമായ ജലസേചനം നടത്തുന്നത് വെട്ടിക്കൊമ്പൻ കേരി തോട്ടിൽ നിന്നാണ്. ഇത് താൽക്കാലികമായി പെട്ടിയും പറയും സ്ഥാപിച്ചാണ് ചെയ്ത് കൊണ്ടിരുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്‍റെ അടിസ്ഥാന സൗകര്യ വികസന പദ്ധതി പ്രകാരം വെട്ടിക്കൊമ്പൻ കേരിയിൽ പറക്കുഴി, പെട്ടിച്ചാൽ, ഷെഡ് എന്നിവ സ്ഥാപിക്കുന്നതിന് തുക അനുവദിച്ചു നിർമ്മാണം ആരംഭിച്ചു.
എന്നാല്‍ ഇതിനായി തറ കെട്ടി നിർമാണം പുരോഗമിക്കുന്നതിനിടെ സ്വകാര്യ വ്യക്തി നിർമ്മാണ പ്രവര്‍ത്തികള്‍ നിർത്തി വെയ്ക്കുന്നതിന് കോടതിയിൽ നിന്നും ഉത്തരവ് നേടി. ഇത് കാരണം ഷെഡ് കെട്ടുന്നതിനും മറ്റും സാധിക്കാതെ കൃഷി പണികൾ മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയിലാണ് പ്രദേശത്തെ കർഷകർ. ഈ പ്രദേശത്ത് പുറമ്പോക്ക് ഉൾപ്പെടെ സ്വകാര്യ വ്യക്തി കൈയ്യേറ്റം ചെയ്തതായും കർഷകർ ആരോപിക്കുന്നു. കളക്ടർ ഉൾപെടെയുള്ളവർക്ക് പരാതി നൽകി ഒരു നടപടിക്കായി കാത്തിരിക്കുകയാണ് കര്‍ഷകര്‍. ഇവിടെ താൽക്കാലികമായെങ്കിലും ജലസേചന സൗകര്യം ഏർപ്പെടുത്തിയില്ലെങ്കിൽ ഈ സീസണിലെ കൃഷി ഉപേക്ഷിക്കുകയേ നിർവ്വാഹമുള്ളൂ എന്ന് പാടശേഖര സമിതി ഭാരവാഹികളായ എം പ്രസന്നൻ, കെ വിജയൻ, വി ബിജു എന്നിവർ പറഞ്ഞു. 40 ലക്ഷം രൂപയോളം ചെലഴിച്ചാണ് കൃഷി ഒരുക്കവും വിതയും നടത്തിയത്.