
കൊല്ലം: ചരക്കുകപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറുകളില്‍ 27 എണ്ണം കൊല്ലം പോര്‍ട്ടിലേക്ക് മാറ്റിയതായി ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു. നാശനഷ്ടം കണക്കാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. കടല്‍ഭിത്തികള്‍ തകര്‍ന്നതിന്‍റെ വിവരങ്ങള്‍ ഇറിഗേഷന്‍ വകുപ്പ് ക്രോഡീകരിച്ച് നല്‍കണം. മീന്‍വല, തകര്‍ന്നുപോയ അനുബന്ധ ഉപകരണങ്ങളുടെ ഉടമകളായ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ ഫിഷറീസ് വകുപ്പാണ് സമർപ്പിക്കേണ്ടത്. സ്വകാര്യ വ്യക്തികള്‍ക്കുണ്ടായ നഷ്ടങ്ങള്‍ കണക്കാക്കാന്‍ വില്ലേജ് ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി.
അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ കണ്ടെത്താനായിട്ടില്ല. 44 കണ്ടെയ്നറുകളാണ് കൊല്ലം, കരുനാഗപ്പള്ളി താലൂക്ക് പരിധിയിലെത്തിയത്. 28 എണ്ണം ശൂന്യമാണ്. നാല് കണ്ടെയ്‌നറുകളിലെ സാമഗ്രികള്‍ പരിശോധിച്ചുവരുന്നു. ബാക്കിയുള്ളവയില്‍ ഗ്രീന്‍ ടീ, ന്യൂസ് പ്രിന്‍റുകള്‍, ക്രാഫ്റ്റ് പേപ്പര്‍, പേപ്പര്‍ ബോര്‍ഡ് തുടങ്ങിയവയാണുള്ളത്. നിലവില്‍ ഒഴുക്കുത്തോട്, തിരുമുല്ലവാരം, കാപ്പില്‍ ബീച്ച്, നീണ്ടകര കേന്ദ്രീകരിച്ചാണ് വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ നേതൃത്വത്തില്‍ ആപ്തമിത്ര/ സിവില്‍ ഡിഫന്‍സ് വൊളന്‍റിയേഴ്സ് സംഘമാണ് കണ്ടെയ്‌നറുകള്‍ വന്നടിഞ്ഞ തീരപ്രദേശങ്ങള്‍ ശുചീകരിക്കുന്നത്. മുണ്ടയ്ക്കല്‍ മുതല്‍ താന്നി വരെയുള്ള ഭാഗത്തെ പ്ലാസ്റ്റിക് തരികള്‍ നീക്കി. ശക്തികുളങ്ങര ഭാഗത്ത് ഉണ്ടായ മറ്റ് മാലിന്യങ്ങളും മാറ്റുകയാണ്. തുടര്‍ പരിശോധനയ്ക്കായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാമ്പിളുകളും ശേഖരിച്ചു. എണ്ണപ്പാട കെട്ടികിടക്കുന്നതായി കണ്ടെത്തിയില്ലെങ്കിലും എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ സഹകരണത്തോടെ ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും പരിശീലനവും നല്‍കി. എം.ഇ.ആര്‍.സി (മാരീടൈം എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്റര്‍) പ്രൈവറ്റ് ലിമിറ്റഡാണ് വീണ്ടെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം ജി നിര്‍മല്‍കുമാര്‍, സബ് കളക്ടര്‍ നിഷാന്ത് സിഹാര, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam