
പാലക്കാട്: സിഗരറ്റ് ലൈറ്ററിൻ്റെ വെളിച്ചത്തിൽ ഹോട്ടലിൽ മോഷണം. പാലക്കാട് യാക്കര ജംഗ്ഷനിലെ രമേശൻ്റെ ഹോട്ടലിലാണ് മോഷണം. മേശയിൽ സൂക്ഷിച്ച പണം കവർന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെന്ന് പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറിയിച്ചു.
രണ്ട് പേരടങ്ങുന്ന സംഘമാണ് തിങ്കളാഴ്ച രാത്രി ഹോട്ടലിന് മുന്നിലെത്തിയത്. ഇതിലൊരാൾ ഷട്ടറിൻ്റെ വലത് വശത്തെ പൊട്ടിയ ഗ്ലാസ് വാതിലിലൂടെ അകത്തുകയറി. കയ്യിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റവർ കത്തിച്ച് മേശയ്ക്കരികിലെത്തി പണം കൈക്കലാക്കി. മുക്കാൽ മണിക്കൂറോളം ഹോട്ടലിനകത്ത് ചെലവഴിച്ച ശേഷം ആരുടേയും കണ്ണിൽപെടാതെ സ്ഥലം വിട്ടെങ്കിലും സിസിടിവിയിൽ എല്ലാം പതിഞ്ഞു.
നഗരത്തിൽ രണ്ടാഴ്ചക്കിടെ ഇത് രണ്ടാംതവണയാണ് ഹോട്ടലിൽ കള്ളൻ കയറുന്നത്. കഴിഞ്ഞ മാസം 21 ന് ചന്ദ്രനഗറിലെ ഹോട്ടലിൽ കള്ളൻ കയറി ഭക്ഷണം ചൂടാക്കി കഴിച്ച ശേഷം മേശയിലെ പണം കൈക്കലാക്കി മുങ്ങിയിരുന്നു. ഇയാളുടെ ദൃശ്യങ്ങളുൾപ്പെടെ കൈമാറിയെങ്കിലും കള്ളൻ ഇതുവരെ വലയിലായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം