28 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിക്കും, അവധി നൽകും; ആറ്റുകാൽ പൊങ്കാലയുടെ ഒരുക്കങ്ങൾ തുടങ്ങി, നിർദേശങ്ങളുമായി മന്ത്രി

Published : Feb 04, 2026, 12:34 PM IST
Attukal pongala

Synopsis

ഫെബ്രുവരി 23 മുതൽ നടക്കുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കാൻ ദേവസ്വം മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. സുരക്ഷ, ഗതാഗതം, ശുചിത്വം, ആരോഗ്യപരിപാലനം എന്നിവയ്ക്കായി വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

തിരുവനന്തപുരം: ഫെബ്രുവരി 23 മുതൽ മാർച്ച് നാല് വരെ നടത്തുന്ന ആറ്റുകാൽ പൊങ്കാല മഹോത്സവം പരാതികളില്ലാതെ കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാൽ ക്ഷേത്രം ഓഫീസിൽ സംഘടിപ്പിച്ച അവലോകന യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേ​ഹം. കഴിയുന്നത്ര വനിതാ പൊലീസ്, ഫയർഫോഴ്സ്, എക്സൈസ് ഉദ്യോ​ഗസ്ഥരെ പൊങ്കാല മഹോത്സവത്തിന് നിയോ​ഗിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ മുഴുവൻ സമയ കൺട്രോൾ റൂം ക്ഷേത്ര പരിസരത്ത് പ്രവർത്തിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

കുടിവെള്ളത്തിലെ കോളിഫോം ബാക്ടീരിയ കണ്ടെത്തുന്നതിന് ഭക്ഷ്യസുരക്ഷ, ആരോ​ഗ്യ വിഭാ​ഗം എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തണം. എക്സൈസിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിൽ ലഹരിപരിശോധന കർശനമാക്കണം. പൊങ്കാല ഉത്സവ സമയത്ത് കാലാവധി കഴിഞ്ഞ പല ഉത്പ്പന്നങ്ങളും വിറ്റഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ ക്ഷേത്രപരിസരത്തെ കടകളിൽ ഫു‍ഡ് സേഫ്റ്റി ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന ശക്തമാക്കണം. കച്ചവടത്തിന് എത്തുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിന് കോർപ്പറേഷൻ നടപടി സ്വീകരിക്കണം. ക്ഷേത്രപരിസരത്ത് ആവശ്യമായ ലൈറ്റുകൾ ക്രമീകരിക്കണം. പൊങ്കാല സമയത്ത് മാലിന്യം വലിച്ചെറിയുന്നതിന് നടപടി സ്വീകരിക്കുന്നതിന് ശുചിത്വമിഷനും കോർപ്പറേഷനും യോജിച്ച് പ്രവർത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

പൊങ്കാല ദിവസം ക്ഷേത്ര പരിസരത്ത് കെഎസ്ആർടിസി ബസുകൾ യുടേൺ എടുക്കുന്നത് പ്രശ്നം സൃഷ്ടിക്കുന്നതായി നേരത്തെ പരാതി ഉണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതിന് കെഎസ്ആർടിസി അധികൃതരും പൊലീസും സംയുക്ത യോ​ഗം ചേരണം. ക്ഷേത്രത്തിൽ നിന്ന് 20 കിലോമീറ്റർ അപ്പുറത്തേക്ക് വരെ പൊങ്കാല അടുപ്പുകൾ നീളുന്നതിനാൽ ക്ഷേത്രപരിസരത്ത് മാത്രമല്ല മറ്റ് സ്ഥലങ്ങളിലും ഓക്സിജൻ സിലിണ്ടർ ഉൾപ്പെടെയുള്ള ആംബുലൻസ് സേവനം സജ്ജമാക്കണമെന്നും മന്ത്രി ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി.

പൊങ്കാല കഴിഞ്ഞുള്ള പുറത്ത് എഴുന്നള്ളത്തിന് പ്രത്യേക സംഘത്തെ ഇത്തവണ നിയോ​ഗിക്കുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു. പൊങ്കാല ദിവസം ചന്ദ്ര​ഗ്രഹണം കാരണം നാല് മണിക്കൂർ ദർശന സമയം കുറയുന്നതിനാൽ അവിട്ടം തിരുനാൽ ലൈബ്രറി മുതൽ നടപ്പന്തൽ കെട്ടി ഭക്തർക്ക് വെയിൽ കൊള്ളാതെ വരിയിൽ നിൽക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്നും പോലീസ് അധികൃതർ ആവശ്യപ്പെട്ടു. മാത്രമല്ല കലാപരിപാടികൾ മറ്റും നടക്കുന്ന പ്രധാന സ്റ്റേജ്, റോഡിന് അഭിമുഖമായി കഴി‍ഞ്ഞ വർഷം ക്രമീകരിച്ചത് മാറ്റി സജ്ജമാക്കണമെന്നും ആവശ്യം ഉയർന്നു.

മാലിന്യ നിർമ്മാർജ്ജനത്തിനായി ന​ഗരസഭയുടെ നേതൃത്വത്തിൽ 150 ട്രക്കുകൾ സജ്ജീകരിക്കും. പൊങ്കാല കഴിഞ്ഞ് ബാക്കിയാവുന്ന ഇഷ്ടികകൾ നീക്കം ചെയ്യുന്നതിനും ന​ഗരം ശുചിയാക്കുന്നതിനും കോർപ്പറേഷന്റെ നേതൃത്വത്തിൽ 2500 തൊഴിലാളികളേയും 1200 ഹരിതകർമ്മസേന അം​ഗങ്ങളേയും 900 കോർപ്പറേഷൻ കണ്ടിജന്റ് ജീവനക്കാരേയും നിയോ​ഗിക്കും. അന്നദാനം രജിസ്ട്രേഷൻ നിർബന്ധമാക്കും. മൊബൈൽ ടോയ്ലറ്റുകൾ കൂടുതൽ ക്രമീകരിക്കും. ഫയർഫോഴ്സ് കൺട്രോൾ റൂം ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് പ്രവർത്തിക്കും. പൊങ്കാല ദിവസം ​ഹൈഡ്രജൻ ബലൂണുകൾ നിരോധിക്കണമെന്ന് ഫയർഫോഴ്സ് അധികൃതർ ആവശ്യപ്പെട്ടു.

ക്ഷേത്രപരിസരത്തെ 28 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിക്കുന്നതിനും പൊങ്കാല ദിവസം അവധി നൽകുന്നതിനും നടപടി സ്വീകരിക്കും. പൊങ്കാലയുടെ തലേദിവസം വൈകീട്ട് 6 മുതൽ പിറ്റേന്ന് വൈകീട്ട് 6വരെ മദ്യനിരോധനം ഏർപ്പെടുത്തും. ഫെബ്രുവരി 23 മുതൽ പൊങ്കാല കഴിയുന്നതുവരെ ആരോ​ഗ്യ വിഭാ​ഗത്തിന്‍റെ കൺട്രോൾ റൂം പ്രവർത്തിക്കും. കുത്തിയോട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്കായി പീഡിയാട്രീഷ്യൽ ഉൾപ്പെടുന്ന പ്രത്യേക മെഡിക്കൽ ടീമും പ്രവർത്തിക്കും.

കെഎസ്ആർടിസി 700 ബസുകളും ബജറ്റ് ടൂറിസത്തിന്റെ ഭാ​ഗമായി 250 ബസുകളും പ്രത്യേക സർവ്വീസ് നടത്തും. ഫെബ്രുവരി 23 മുതൽ ക്ഷേത്ര പരിസരത്തുനിന്ന് ന​ഗരത്തിലെ പ്രധാന ഇടങ്ങളിലേക്കും തിരിച്ചും സർവ്വീസുകൾ ആരംഭിക്കും. 1600 താത്ക്കാലിക കുടിവെള്ള കണക്ഷനുകളും ഷവറിം​ഗ് പോയിന്റുകളും പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വാട്ടർ അഥോറിറ്റി ഒരുക്കും. ശുചിത്വമിഷന്റെ നേതൃത്വത്തിൽ ഡോർ ഡു ഡോർ ക്യാമ്പയിനും ബോധവത്ക്കരണ ക്ലാസ്സുകളും സംഘടിപ്പിക്കും. മേയർ വി വി രാജേഷ്, ദേവസ്വം വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, സിറ്റി പൊലീസ് കമ്മീഷണർ കെ കാർത്തിക്, ഡിസിപി ദീപക് ധൻകർ, ആറ്റുകാൽ ഭ​ഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ, വിവിധ വകുപ്പുകളിലെ ഉദ്യോ​ഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകനും; ഷൊർണൂർ - നിലമ്പൂർ മെമു ട്രെയിനിടിച്ച് 56കാരൻ മരിച്ചു
സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ കയറിയിറങ്ങി; സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു