Latest Videos

പാലക്കാട് 10 വർഷം മുൻപ് കാണാതായ അമ്മയ്ക്കും സഹോദരിക്കുമായി 28 കാരന്റെ കാത്തിരിപ്പ്

By Web TeamFirst Published Dec 5, 2022, 2:55 PM IST
Highlights

നെച്ചുള്ളി  പരേതനായ അഷറഫിന്റെ ഭാര്യ സൈനബയും 16 കാരിയായ മകൾ ഫർസാനയും മമ്പുറം, പൊന്നാനി എന്നിവിടങ്ങളിൽ തീർത്ഥാടത്തിനാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത്

പാലക്കാട്: മണ്ണാർക്കാട്  നെച്ചുള്ളിയിൽ 10 വർഷം മുമ്പ് കാണാതായ അമ്മയെയും സഹോദരിയെയും കാത്തിരിക്കുകയാണ് 28 കാരനായ മുഹമ്മദ് അനീസ്. ഭർത്താവിന്റെ സഹോദരനൊപ്പം പോയ യുവതിയുടെയും മകളുടെയും  തിരോധാനത്തിന് പിന്നിലെ ദുരൂഹത  വർഷം ഇത്ര കഴിഞ്ഞിട്ടും നീക്കാനായില്ല. പരാതി നൽകിയിട്ടും മണ്ണാർക്കാട് പൊലീസിൽ നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് വീട്ടുകാരുടെ പരാതി. 

2012 നവംബർ 17 നാണ് നെച്ചുള്ളി  പരേതനായ അഷറഫിന്റെ ഭാര്യ സൈനബയും 16 കാരിയായ മകൾ ഫർസാനയും മമ്പുറം, പൊന്നാനി എന്നിവിടങ്ങളിൽ തീർത്ഥാടത്തിനാണെന്ന് പറഞ്ഞാണ് വീട്ടിൽ നിന്ന് പോയത് . ഭർത്താവിന്റെ സഹോദരൻ അബ്ദുട്ടിയുടെ കൂടെയാണ് പോയത്. വൈകീട്ട് തിരിച്ചെത്തുമെന്നും സൈനബ പറഞ്ഞിരുന്നു. ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവരെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

തുടർന്ന്  നവംബർ 25 ന്  മകൻ മുഹമ്മദ് അനീസ്,  മണ്ണാർക്കാട് പൊലീസിൽ പരാതി നൽകി. ഇവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് കാണിച്ച് മാസങ്ങൾക്ക് ശേഷം പരാതി തീർപ്പാക്കി. ഇതിനിടെ അബ്ദുട്ടി ഒരിക്കൽ നാട്ടിൽ വന്നിരുന്നു. ഇയാളെ പൊലീസ് അന്ന് കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ഉണ്ടായില്ല. അമ്മയും സഹോദരിയും മരിച്ചോ, ജീവിച്ചിരിപ്പുണ്ടോയെന്ന് പോലും അറിയാതെ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങൾ.

ഒരു വർഷം കഴിഞ്ഞ് ദക്ഷിണ കർണാടകയിലെ പുത്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ  ഒരു സ്ത്രീയുടെയും  പെൺകുട്ടിയുടെയും മൃതദേഹം കണ്ടെത്തിയതായി അറിഞ്ഞ് കുടുംബാംഗങ്ങൾ അങ്ങോട്ടു ചെന്നത്.  എന്നാൽ അത് അവരായിരുന്നില്ല. സൈനബയെയും ഫർസാനെയെയും കാണാതായതിന്റെ മൂന്ന് ദിവസത്തിന് ശേഷം കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിന്റെ ഫോട്ടോ കണ്ട് ഉറപ്പിക്കാൻ അനീസിന് സാധിച്ചിരുന്നില്ല. സൈനബയുടെ ബന്ധുക്കൾ പലതവണ കർണാടകയിലും മറ്റും പോയങ്കിലും ഒരു ഫലവും ഉണ്ടായില്ല. ഇവർ മരിച്ചോ ജീവിച്ചിരിപ്പുണ്ടോയെന്നു പോലും അറിയാതെ കാത്തിരിക്കുകയാണ്  കുടുംബാംഗങ്ങൾ.
 

click me!