
ഒറ്റപ്പാലം: പാലക്കാട് വാഹന പരിശോധനയ്ക്കിടെ 2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായ പ്രതിക്ക് 5 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കോഴിക്കോട് പന്നിയങ്കര സ്വദേശി മുഹമ്മദ് മുജീബ് (29) എന്നയാളെയാണ് സംഭവം നടന്ന് 4 വർഷത്തിന് ശേഷം കോടതി ശിക്ഷിച്ചത്. പാലക്കാട് സെക്കന്റ് അഡീഷണൽ കോടതി ജഡ്ജ് ഡി.സുധീർ ഡേവിഡാണ് പ്രതിക്കുള്ള ശിക്ഷ വിധിച്ചത്. 11.12.2019 നാണ് കേസിന് ആസ്പദമായ സംഭവം.
പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടറായിരുന്ന എം.സജീവ് കുമാറിന്റെ നേതൃത്വത്തിലാണ് കേസ് കണ്ടെടുത്തത്. വാഹന പരിശോധനക്കിടെ സംശയം തോന്നി മുജീബിന്‍റെ വാഹനം എക്സൈസ് തടഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവുമായി പിടികൂടിയത്. തുടർന്ന് പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി.അനിൽകുമാർ കേസിന്റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി എൻഡിപിഎസ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ശ്രീനാഥ് വേണു ഹാജരായി.