കരിപ്പൂരില്‍ മൂന്നര കോടി രൂപയുടെ സ്വര്‍ണം പിടികൂടി

By Web TeamFirst Published Jun 21, 2021, 6:42 PM IST
Highlights

ഡി ആര്‍ ഐ, കസ്റ്റംസ് പ്രിവന്റീവ്, കസ്റ്റംസ് ഇന്റലിജന്‍റ്സ് വിഭാഗങ്ങളാണ് വിവിധ കേസുകളിലായി സ്വര്‍ണം പിടികൂടിയത്. 

കൊണ്ടോട്ടി: കരിപ്പൂരില്‍ ഞായറാഴ്ച അഞ്ച് കേസുകളിലായി 3.53 കോടി രൂപക്കുള്ള സ്വര്‍ണം പിടികൂടി. ഡി ആര്‍ ഐ, കസ്റ്റംസ് പ്രിവന്റീവ്, കസ്റ്റംസ് ഇന്റലിജന്‍സ്് വിഭാഗങ്ങളാണ് വിവിധ കേസുകളിലായി സ്വര്‍ണം പിടികൂടിയത്. 

അഞ്ചുപേരും ദുബായില്‍ നിന്ന് എത്തിയവരായിരുന്നു. കണ്ണൂര്‍ മാവിലായി സ്വദേശി വി സി അഫ്താബ് (38), കോഴിക്കോട് പാറക്കടവ് സ്വദേശി കെ അജ്മല്‍ (25), കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പി നിസാമുദ്ദീന്‍ (30), കോഴിക്കോട് മുക്കം സ്വദേശി പി മുജീബ് റഹ്മാന്‍ (25), മലപ്പുറം ചേലൂര്‍ സ്വദേശി എന്നിവരാണ് സ്വര്‍ണക്കടത്തുമായി പിടിയിലായത്. അഫ്താബ് 2.99 ഗ്രാം തൂക്കം വരുന്ന 18 സ്വര്‍ണ കട്ടികള്‍ വെള്ളി പൂശി റീചാര്‍ജബിള്‍ ടാബിള്‍ ഫാനിന്റെ ബാറ്ററിക്കുള്ളില്‍ ഒളിപ്പിച്ചും അജ്മല്‍ 1.983 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടികള്‍ എമര്‍ജന്‍സി ലൈറ്റിന്റെ ബാറ്ററിക്കുള്ളില്‍ ഒളിപ്പിച്ചുമാണ് കടത്തിയിരുന്നത്. 

നിസാമുദ്ദീന്‍, മുജീബ് റഹ്്മാന്‍ എന്നിവര്‍ മിശ്രിത സ്വര്‍ണം കാപ്സ്യൂള്‍ രൂപത്തിലുള്ള പാക്കുകളിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചായിരുന്നു കടത്തിയിരുന്നത്. നിസാമുദ്ദീന്‍ 1.339 കിലോ ഗ്രാം സ്വര്‍ണ മിശ്രിതവും മുജീബ് റഹ്്മാന്‍ 1.07 കിലോ ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് കടത്താന്‍ ശ്രമിച്ചത്. മലപ്പുറം ചേലൂര്‍ സ്വദേശി 1.339 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പ്ലാസ്റ്റിക് പാക്കുകളിലാക്കി അടിവസ്തത്തിലും സോക്സിനുള്ളിലും ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. ഇതിന് 55 ലക്ഷം രൂപ വില വരും. അഫ്താബിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ബാക്കിയുള്ളവര്‍ക്ക് കസ്റ്റംസ് വിഭാഗങ്ങള്‍ ജാമ്യം നല്‍കി വിട്ടയച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!