ചന്ദനം കടത്തിയ മൂന്നു പേര്‍ പിടിയില്‍

By Web TeamFirst Published Oct 24, 2021, 9:31 PM IST
Highlights

50 കിലോഗ്രാം വരുന്ന  ചന്ദനമുട്ടികളും ചന്ദനക്കടത്തിനു ഉപയോഗിച്ച  ജീപ്പ്, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയും വനപാലകര്‍ പിടിച്ചെടുത്തിട്ടുണ്ട്.
 

കോഴിക്കോട്: ചന്ദന മുട്ടികള്‍ (sandal wood) കടത്തവെ മൂന്നു പേരെ വനംവകുപ്പ് അധികൃതര്‍ (forest officials) പിടികൂടി. വാഴയൂര്‍ ആക്കോട് കോണോത്ത് അബ്ദുള്ള(67), പാഴൂര്‍ ചിറ്റാരിപിലാക്കില്‍ കള്ളിവളപ്പില്‍ അബ്ദുറഹിമാന്‍(35), മാവൂര്‍ തെങ്ങിലക്കടവ് കണ്ണിപറമ്പ് തറയില്‍ ബഷീര്‍(43) എന്നിവരാണ് മാവൂരില്‍ വെച്ച് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 50 കിലോഗ്രാം വരുന്ന  ചന്ദനമുട്ടികളും ചന്ദനക്കടത്തിനു ഉപയോഗിച്ച  ജീപ്പ്, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയും വനപാലകര്‍ പിടിച്ചെടുത്തിട്ടുണ്ട്. വയനാട് നിരവില്‍പുഴ ഭാഗത്ത് ഒളിപ്പിച്ചു വെച്ച നിലയിലാണ് ജീപ്പ് കണ്ടെടുത്തത്.

പിടികൂടിയ ചന്ദനമുട്ടികള്‍

സ്വകാര്യ ഭൂമിയില്‍ നിന്നും വനപ്രദേശത്തുനിന്നും ചന്ദനമരം മുറിച്ചു കടത്തുന്ന സംഘത്തിലെ മൂന്നുപേരാണ് പിടിയിലായതെന്ന് ഫോറസ്റ്റ് അധികൃതര്‍. അന്വേഷണം നടത്തിയാല്‍ മാത്രമെ ഇവര്‍ മുന്‍പ് നടത്തിയ ചന്ദന കവര്‍ച്ചകളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. താമരശ്ശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം കെ രാജീവ്കുമാറിന്റെ നേതൃത്വത്തിലുള്ള  ഫോറസ്റ്റ് ഓഫീസര്‍മാരായ ടി ബിനീഷ് കുമാര്‍, പി ജിതേഷ്, എ. പ്രസന്ന കുമാര്‍, ബി കെ പ്രവീണ്‍ കുമാര്‍, എം വിബീഷ്, ആര്‍ആര്‍ടി അംഗങ്ങളായ ഷബീര്‍, കരീം മുക്കം എന്നിവരടങ്ങിയ സംഘമാണ് ചന്ദന കവര്‍ച്ച സംഘത്തെ  പിടികൂടിയത്. പിടിയിലായവരെ  താമരശ്ശേരി കോടതിയില്‍  ഹാജരാക്കും.
 

click me!