
തിരുവനന്തപുരം: അറ്റകുറ്റപ്പണിക്കായി നൽകിയ ഓട്ടോറിക്ഷ തിരികെ നൽകാതെ ഉടമയെ വഞ്ചിക്കുകയും, വാഹനത്തിന്‍റെ എഞ്ചിൻ അഴിച്ചെടുത്ത് മറ്റൊരു ഓട്ടോറിക്ഷയിൽ ഘടിപ്പിച്ച് കൃത്രിമം നടത്തുകയും ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മരുതൻകുഴി സ്വദേശി ആനന്ദ് (39), മാമ്പഴകുന്ന് പുത്തൻ വീട്ടിൽ രാജേഷ് കുമാർ (31), വാഴോട്ടുകോണം സ്വദേശി മുഹമ്മദ് സൽമാൻ (31) എന്നിവരെയാണ് വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
വണ്ടിയുടെ റീ-ടെസ്റ്റിന് മുമ്പായുള്ള അറ്റകുറ്റപ്പണികൾക്കാണ് പരാതിക്കാരൻ ഓട്ടോറിക്ഷ മരുതൻകുഴിയിൽ വർക്ക്‌ഷോപ്പ് നടത്തിയിരുന്ന ആനന്ദിന് നൽകിയത്. എന്നാൽ, പണി പൂർത്തിയാക്കി വാഹനം ആനന്ദ് തിരികെ നൽകിയില്ല. രാജേഷ് കുമാറിന്‍റെ സഹായത്തോടെ ഓട്ടോറിക്ഷയുടെ എഞ്ചിൻ അഴിച്ചെടുത്ത ആനന്ദ്, ഈ എഞ്ചിൻ മുഹമ്മദ് സൽമാന്‍റെ ഉടമസ്ഥതയിലുള്ള മറ്റൊരു ഓട്ടോറിക്ഷയിൽ ഘടിപ്പിച്ചു. ചേസിസ് നമ്പറിൽ കൃത്രിമം വരുത്തുകയും ചെയ്‌തു. മുഹമ്മദ് സൽമാൻ ഈ ഓട്ടോറിക്ഷ ഉപയോഗിച്ചുവരികയായിരുന്നു. പരാതിയെത്തിയതോടെ വട്ടിയൂർക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റകൃത്യം തെളിഞ്ഞു. ഇതോടെയാണ് മൂവരേയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂന്ന് പേരെയും റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam