
തൃശൂര്‍: പള്ളി കോമ്പൗണ്ടിനുള്ളില്‍ നൃത്തം ചെയ്തത് ചോദ്യം ചെയ്ത യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്നുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. മരത്തംകോട് കുഴിപ്പറമ്പില്‍ വീട്ടില്‍ അരുണ്‍ (19), മരത്തംകോട് കുണ്ടുപറമ്പില്‍ വീട്ടില്‍ മിഥുന്‍ (26) മരത്തംകോട് മേപ്പറമ്പത്ത് വീട്ടില്‍ പ്രണവ് (21) എന്നിവരാണ് അറസ്റ്റിലായത്. മരത്തംകോട് കല്ലേരി വീട്ടില്‍ കെ.പി. പ്രിസ്റ്റിന്‍ (18), സഹോദരന്‍ പ്രബിന്‍ (20) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
കഴിഞ്ഞ രാത്രി 11:30 ന് മരത്തംകോട് മേരി മാതാ പള്ളി പരിസരത്തായിരുന്നു സംഭവം. പള്ളി പെരുന്നാളിനോടനുബന്ധിച്ച് പള്ളി കോമ്പൗണ്ടിനുള്ളില്‍ പ്രതികള്‍ നൃത്തം ചെയ്യുന്നത് പ്രിസ്റ്റിന്‍ ചോദ്യം ചെയ്തിരുന്നു. പ്രണവ് കൈവശം കരുതിയിരുന്ന ഇടിവള പോലുള്ള ആയുധം കൊണ്ട് പ്രിസ്റ്റിന്റെ ഇടത് കണ്ണിന് മുകളില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചു. അടി കൊണ്ട് താഴെ വീണ പ്രിസ്റ്റിനെ രക്ഷിക്കാന്‍ ജ്യേഷ്ഠന്‍ പ്രബിൻ ഓടിയെത്തി. അരുണും മിഥുനും ചേര്‍ന്ന് പ്രബിനെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ പ്രിസ്റ്റിന്റെ ഇടത് കണ്ണിന് താഴെയും നെറ്റിയിലും സാരമായ പരിക്കേറ്റിരുന്നു. സഹോദരങ്ങൾ പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ കുന്നംകുളം പൊലീസില്‍ ഇവർ പരാതി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam