ഒന്നും നോക്കാതെ നടപടി! മലപ്പുറത്ത് പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞവര്‍ക്ക് പണി കിട്ടി; പിഴയായി പിരിച്ചെടുത്തത് 3.52 കോടി രൂപ

Published : Mar 02, 2026, 05:12 PM IST
waste dumping

Synopsis

പൊതുസ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് മലപ്പുറം ജില്ല. 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി സി.സി.ടി.വി വഴിയും പൊതുജനങ്ങൾക്ക് വിവരം നൽകാവുന്ന വാട്ട്സ്ആപ്പ് സംവിധാനം വഴിയുമാണ് നിയമലംഘകരെ കണ്ടെത്തുന്നത്. 

മലപ്പുറം: മലപ്പുറം ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചു. 2023 മാര്‍ച്ച് മുതല്‍ ഇതുവരെ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് 3.52 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. സംസ്ഥാനത്ത് ഏറ്റവുമധികം പിഴ ഈടാക്കിയ ജില്ലകളില്‍ ഒന്നായ എറണാകുളത്തിന് പിന്നാലെയാണ് മലപ്പുറം ജില്ലയിലെ ഈ കണക്കുകള്‍. ഈ വര്‍ഷം ജനുവരി മാസത്തില്‍ മാത്രം 21 ലക്ഷം രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്. പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ മലിനജലം ഒഴുക്കുകയോ മാലിന്യമോ വിസര്‍ജ്യവസ്തുക്കളോ നിക്ഷേപിക്കുകയോ ചെയ്താല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് പിഴയായി ചുമത്തുന്നത്. മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നവര്‍ക്ക് 5,000 രൂപ മുതല്‍ പിഴ ചുമത്തുന്നുണ്ട്.

ഏതു തരത്തിലുള്ള മാലിന്യമാണ് നിക്ഷേപിച്ചത്, അതിന്റെ അളവ് എത്രയാണ് എന്നിവ കണക്കാക്കിയാണ് പിഴയുടെ തുക തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്നത്. പരമാവധി 50,000 രൂപ വരെ പിഴ ഈടാക്കാന്‍ നിയമം അനുശാസിക്കുന്നു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി പ്രത്യേക വാട്ട്സ്ആപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുയിടങ്ങളിലോ ജലാശയങ്ങളിലോ മാലിന്യം നിക്ഷേപിക്കുന്നവരുടെ ദൃശ്യങ്ങളോ വാഹന നമ്പറോ മറ്റ് തിരിച്ചറിയല്‍ വിവരങ്ങളോ 9446700800 എന്ന നമ്പറിലേക്ക് പൊതുജനങ്ങള്‍ക്ക് അയക്കാവുന്നതാണ്.

നിയമലംഘനം നടത്തുന്നവര്‍ പിഴ അടയ്ക്കുന്നതോടെ, വിവരം കൈമാറിയ വ്യക്തിക്ക് പിഴത്തുകയുടെ നാലിലൊന്ന് പ്രതിഫലമായി നല്‍കുകയും ചെയ്യുന്നു. പിഴ അടച്ചാലുടന്‍ വിവരം നല്‍കിയവരെ ബന്ധപ്പെട്ട് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് ഈ തുക കൈമാറുകയാണ് പതിവ്. 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പിഴ ഈടാക്കുന്ന നടപടികള്‍ വേഗത്തിലാക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിൽക്കുന്നത് ആയുർവേദ തൈലം, താമസവും സ്റ്റോറേജും വാടകവീട്ടിൽ, പൊലീസ് പരിശോധിച്ചപ്പോൾ ഹാഷിഷ് ഓയിലും 21.5 കിലോ കഞ്ചാവും
റോഷി അഗസ്റ്റിന് വി.വി. രാജേഷിന്‍റെ കത്ത്; 'വാൽവുകൾ തുറക്കുന്നതിൽ ആസൂത്രിത ഇടപെടൽ? പൊലീസിനെ നിയോഗിക്കണം'