
താമരശ്ശേരി: പുതുവർഷാഘോഷങ്ങളോടനുബന്ധിച്ചുള്ള അവധി ദിനങ്ങൾ ആസ്വദിക്കാനെത്തിയ സഞ്ചാരികളുടെ തിരക്ക് മൂലം താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതം കുരുക്ക്. ഇന്ന് പുലർച്ചെ നാല് മണി മുതൽ തുടങ്ങിയ കുരുക്ക് മണിക്കൂറുകൾ പിന്നിടുമ്പോഴും രൂക്ഷമായി തുടരുകയാണ്. ചുരത്തിന് മുകളിൽ നിന്ന് താഴെ അടിവാരം വരെ വാഹനങ്ങളുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. ചുരം കയറിപ്പോകാൻ ശരാശരി മൂന്നര മണിക്കൂറും, താഴേക്ക് ഇറങ്ങാൻ ഒന്നര മണിക്കൂറോളം സമയവുമാണ് എടുക്കുന്നത്. പൊലീസും സന്നദ്ധപ്രവർത്തകരും ഗതാഗതം നിയന്ത്രിക്കാൻ പാടുപെടുന്ന അവസ്ഥയാണ് താമരശ്ശേരി ചുരത്തിൽ കാണുന്നത്.
മൂന്ന് ദിവസത്തെ തുടർച്ചയായ അവധി ലഭിച്ചതോടെ വയനാട്, മൈസൂർ, ഊട്ടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുന്നവരുടെ വൻ തിരക്കാണ് ചുരത്തിൽ പ്രതിഫലിച്ചത്. മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും താമസസൗകര്യങ്ങൾ നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെട്ടതിനാൽ വരും മണിക്കൂറുകളിലും തിരക്ക് വർധിക്കാനാണ് സാധ്യത. കുരുക്കിൽ പെട്ട് രോഗികളുമായി പോകുന്ന ആംബുലൻസുകളും ദീർഘദൂര ബസുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ വഴിയിൽ കുടുങ്ങിക്കിടക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ചുരം വഴിയുള്ള യാത്ര ഒഴിവാക്കി മറ്റ് സമാന്തര പാതകൾ ഉപയോഗിക്കാൻ അധികൃതർ നിർദ്ദേശിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam