പരമ്പരാഗത ആചാരയമാ താലിയോ മോതിരമോ പുടവയോ കൈമാറാതെയാണ് സർക്കാർ ജീവനക്കാരായ ശീതളും ജിതിനും ഒരുമിച്ചുള്ള ജീവിതത്തിലേക്ക് കടന്നത്.
നെന്മാറ: പരമ്പരാഗത ആചാരങ്ങൾ ഒഴിവാക്കി പകരം ഭരണഘടന കൈമാറി പ്രതിജ്ഞയെടുത്ത് വിവാഹിതായി ദമ്പതികൾ. പാലക്കാട് നെന്മാറയിലാണ് വ്യത്യസ്ത രീതിയിലുള്ള വിവാഹത്തിന് സാക്ഷ്യം വഹിച്ചത്. പരമ്പരാഗത ആചാരയമാ താലിയോ മോതിരമോ പുടവയോ കൈമാറാതെയാണ് സർക്കാർ ജീവനക്കാരായ ശീതളും ജിതിനും ഒരുമിച്ചുള്ള ജീവിതത്തിലേക്ക് കടന്നത്.
‘’നമ്മൾ ഇന്ത്യയിലെ രണ്ടു പൗരർ എന്ന നിലയിൽ, വ്യക്തിപരമായ പരമാധികാരബോധ്യത്തോടെയും പരസ്പര സമ്മതത്തോടെയും ദാമ്പത്യബന്ധം തുടങ്ങുന്നു. ജനുവരി ഒന്നിന് ഈ ബന്ധത്തെ അംഗീകരിക്കുകയും ഭരണഘടനാ മൂല്യങ്ങളെ നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു''- ഇരുവരും പ്രതിജ്ഞയെടുത്തു. നെന്മാറ സബ് റജിസ്ട്രാർ ഓഫിസിലായിരുന്നു വിവാഹം.
കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ് പി.എസ്. ശീതൾ. പാലക്കാട് കണ്ണാടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ ശീതൾ ഭരണഘടനാ സാക്ഷരതാ രംഗത്തു പ്രവർത്തിക്കുന്ന, കോൺസ്റ്റിറ്റ്യൂഷൻ ലിറ്ററസി കൗൺസിൽ എന്ന എൻജിഒയുടെ പ്രവർത്തകയാണ്. അയിലൂർ സ്വദേശിയായ ആർ. ജിതിൻ കൃഷ്ണ പാലക്കാട് തേങ്കുറുശ്ശിയിൽ വില്ലേജ് അസിസ്റ്റന്റായി ജോലി ചെയ്യുന്നു. സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ പങ്കെടുത്തു.
