
കൊണ്ടോട്ടി : എസ് ഡി പി ഐ വിട്ടതിന് യുവാവിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ച് വധിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ മൂന്ന് എസ് ഡി പി ഐ പ്രവർത്തകരെ കൊണ്ടോട്ടി ഡി വൈ എസ് പി അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പുളിക്കൽ ചെറുകാവ് കൂണ്ടേരിയാലുങ്ങൽ കോടംവീട്ടിൽ നൗഷാദ്(36), പള്ളിക്കൽ റൊട്ടി പീടികകുണ്ട് മുസ്തഫ(40) ആണൂർ പള്ളിക്കൽ ബസാർ
ചാലെപാടി സഹീർ (40) എന്നിവരാണ് അറസ്റ്റിലായത്.
പള്ളിക്കൽ സ്വദേശി മുജീബ് റഹ്മാനാ(40)ണ് മർദനത്തിനിരയായത്. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം 20നാണ് മുജീബ് ഹ്മാനെ വീട്ടിൽനിന്നും തട്ടിക്കൊണ്ട്പോയി കരിപ്പൂരിലെ എസ് ഡി പി ഐയുടെ ഒരു പ്രമുഖ നേതാവിന്റെ വീട്ടിൽ എത്തിച്ച് നഗ്നനാക്കി കെട്ടിത്തൂക്കി ക്രൂരമായി മർദിച്ചത്. അവശനായ മുജീബ് വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിപ്പിച്ചതായും പോലീസ് പറയുന്നു.
മാരകമായി പരുക്കേറ്റ ഇയാളെ പുലർച്ചെ വീട്ടിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു. സംഭവം പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. ഭീഷണി ഭയന്ന് പോലീസിൽ പരാതി നൽകിയിരുന്നില്ല.
കഴിഞ്ഞ ചൊവ്വാഴ്ച അർധരാത്രി മുഖംമൂടി ധരിച്ച അഞ്ചംഗ സംഘം ഇയാളുടെ വീട്ടിലെത്തി വധഭീഷണി മുഴക്കുകയും ചെയ്തു. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. ഇതോടെ പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് പ്രതികളെ പിടികൂടുകയായിരുന്നു. മറ്റ് പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam