പമ്പയാറ്റിൽ യുവാക്കള്‍ ഒഴുക്കില്‍ പെട്ടു, ഒരാളെ കാണാനില്ല; രണ്ട് പേരുടെ രക്ഷകനായി സോമന്‍

By Web TeamFirst Published Mar 19, 2019, 12:17 PM IST
Highlights

കടവിൽ ഉണ്ടായിരുന്ന മുള ഉപയോഗിച്ച് നീന്തുന്നതിനിടയിൽ നാട്ടുകാരിൽ ചിലർ വിലക്കി. തുടർന്ന് മുള ഉപേക്ഷിച്ച് നീന്തുവാൻ ശ്രമിക്കുന്നതിനിടയിലാണ് മൂവരും ഒഴുക്കിൽ പെട്ടത്. ഈ സമയം കടവിൽ കുളിക്കാനെത്തിയ സോമൻ സുജിത്തിനേയും തുടർന്ന് ഉണ്ണികൃഷ്ണനേയും സാഹസികമായി രക്ഷപെടുത്തി

ചെങ്ങന്നൂർ: പമ്പയാറ്റിൽ ഒഴുക്കിൽ പെട്ട് യുവാവിനെ കാണാതായി. യുവാവിനോടൊപ്പം നീന്തിയ രണ്ടു യുവാക്കളെ രക്ഷപെടുത്തി. ചെറിയനാട് കളിക്കാം പാലം ചക്കനാട്ടേത്ത് ചാക്കോ തോമസ് ഷൈനി ദമ്പതികളുടെ മകൻ ഷൈബു ചാക്കോ (27)നെ ആണ് കാണാതായത്. ഷൈബുവിനോടൊപ്പം നീന്തുകയായിരുന്ന ആലാ മേലാത്തറയിൽ സുജിത്ത് (29) ,ആലാ കല്ലേപ്പറമ്പിൽ ഉണ്ണികൃഷ്ണൻ (27) എന്നിവരെയാണ് രക്ഷപെടുത്തിയത്.

ഇന്നലെ വൈകുന്നേരം മൂവരും ഒന്നിച്ചാണ് പാണ്ടനാട് മിത്രമഠംകടവിൽ കുളിക്കാനെത്തിയത്. കടവിൽ ഉണ്ടായിരുന്ന മുള ഉപയോഗിച്ച് നീന്തുന്നതിനിടയിൽ നാട്ടുകാരിൽ ചിലർ വിലക്കി. തുടർന്ന് മുള ഉപേക്ഷിച്ച് നീന്തുവാൻ ശ്രമിക്കുന്നതിനിടയിലാണ് മൂവരും ഒഴുക്കിൽ പെട്ടത്. ഈ സമയം കടവിൽ കുളിക്കാനെത്തിയ പാണ്ടനാട് കൊട്ടാരത്തു വീട്ടിൽ സോമൻ(45) ,സുജിത്തിനേയും തുടർന്ന് ഉണ്ണികൃഷ്ണനേയും സാഹസികമായി രക്ഷപെടുത്തി. 

ഷൈബു ഒഴുക്കിൽപ്പെട്ട് പാലത്തിന്റെ സ്പാനിന് അടിയിലേയ്ക്ക് പോയതിനാൽ രക്ഷപെടുത്താൻ സാധിച്ചില്ല. ഷൈബുവിന് വേണ്ടിയുള്ള തെരച്ചിൽ രാത്രി വൈകിയും ഫയർഫോഴ്സും, നാട്ടുകാരും നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഷൈജുവാണ് ഷൈബുവിന്റെ ഏക സഹോദരൻ. 

ഷൈബു എറണാകുളത്ത് സിനിമ സെറ്റിൽ ലൈറ്റ് ബോയി ആയി ജോലി ചെയ്തു വരികയായിരുന്നു.കഴിഞ്ഞ ദിവസം അവധിക്ക് നാട്ടിലെത്തിയപ്പോൾ സുഹൃത്തുക്കളുമൊത്ത് കുളിയ്ക്കാനെത്തിയതായിരുന്നു. കുട്ടംമ്പേരൂർ സ്വദേശിയായ ഷൈബുവും കുടുംബവും ഏതാനും വർഷം മുൻപാണ് കുളിയ്ക്കാം പാലത്തേയ്ക്ക് താമസം മാറ്റിയത്. ഷൈബുവിനു വേണ്ടി ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.

click me!