കൊവിഡ് വ്യാപനം; കോഴിക്കോട് ജില്ലയില്‍ 31 ക്യുക് റെസ്‌പോണ്‍സ് ടീമുകളെ നിയോഗിച്ചു

By Web TeamFirst Published Sep 25, 2020, 10:59 AM IST
Highlights

രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ മാർക്കറ്റുകളിലും ഹാർബറുകളിലും ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹാർബറുകൾ, മാർക്കറ്റുകൾ അങ്ങാടികൾ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളിൽ പൊലീസിന്റെ പരിശോധനയുണ്ടാവും.

കോഴിക്കോട്: കൊവിഡ് സമ്പർക്ക വ്യാപനം കൂടുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നാല് താലൂക്കുകളിലായി പുതുതായി 31 ക്യുക് റെസ്പോൺസ് ടീമുകളെ നിയോഗിച്ചു. കോഴിക്കോട് താലൂക്കിലെ ബേപ്പൂർ, വെള്ളയിൽ ഹാർബറുകൾ, വലിയങ്ങാടി, പാളയം, വേങ്ങേരി, കുന്നമംഗലം - ചാത്തമംഗലം, ചേളന്നൂർ - കക്കോടി, പെരുമണ്ണ - ഒളവണ്ണ, പന്നിയങ്കര എന്നിവിടങ്ങളിലായി ഒൻപത് ടീമുകളെ നിയോഗിച്ചു. 

താമരശ്ശേരി താലൂക്കിലെ ഉണ്ണികുളം, രാരോത്ത്, കൊടുവള്ളി, പുതുപ്പാടി, പുത്തൂർ, കിഴക്കോത്ത് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾക്കും നിരീക്ഷണത്തിനുമായി ആറ് ടീമുകളുണ്ടാവും. ചോമ്പാല ഹാർബർ, വടകര, അഴിയൂർ, നാദാപുരം റോഡ്, കുറ്റ്യാടി, നാദാപുരം - കല്ലാച്ചി, ആയഞ്ചേരി, കക്കട്ടിൽ, കൊയിലാണ്ടി, പേരാമ്പ്ര, നടുവണ്ണൂർ, മേപ്പയ്യൂർ, പയ്യോളി, അരിക്കുളം ടൗൺ, മൂടാടി ടൗൺ, കൊയിലാണ്ടി ഹാർബർ എന്നിവിടങ്ങളിലേക്കും ക്യുക് റെസ്പോൺസ് ടീമിനെ ഏർപ്പെടുത്തിയ മറ്റ് കേന്ദ്രങ്ങൾ.

Read Also: കോഴിക്കോട് ജില്ലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷം; ഇന്ന് അടിയന്തര യോഗം

രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ മാർക്കറ്റുകളിലും ഹാർബറുകളിലും ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹാർബറുകൾ, മാർക്കറ്റുകൾ അങ്ങാടികൾ എന്നിവിടങ്ങളിലെ പ്രവേശന കവാടങ്ങളിൽ പൊലീസിന്റെ പരിശോധനയുണ്ടാവും. സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും പ്രവേശനം. മാസ്ക് ധരിക്കാത്തവർക്കെതിരെ പിഴ ചുമത്താനും നിർദ്ദേശം നൽകി.

ഓരോ കേന്ദ്രങ്ങളിലും പ്രവേശനം അനുവദിക്കേണ്ടവരുടെ എണ്ണം ക്യു.ആർ.ടികൾ നിശ്ചയിക്കും. ഇതനുസരിച്ച് പൊലീസ് പ്രവേശനം നിയന്ത്രിക്കും. നിശ്ചിത സംഖ്യ പ്രകാരമുളള ആളുകൾ തിരികെ പോകുന്ന മുറയ്ക്ക് മാത്രമേ മറ്റുളളവരെ പ്രവേശിപ്പിക്കുകയുള്ളൂ. ഓരോ കേന്ദ്രങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൊവിഡ് പരിശോധന നിർബന്ധിതമാക്കിയിട്ടുണ്ട്. പരിശോധനക്ക് വിധേയരാകാത്തവർക്ക് പ്രവേശനം ഉണ്ടാവുകയില്ല.

click me!