
ഇലക്ട്രോണിക് സിറ്റി: ബംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപം വാഹനാപകടത്തിൽ മലയാളി യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ഇലക്ട്രോണിക് സിറ്റി പിഎഫ് ഓഫീസ് ജീവനക്കാരി മേധ അപകടത്തിൽപ്പെടാൻ കാരണം മോശം റോഡാണെന്നാരോപിച്ചായിരുന്നു പ്രതിഷേധം. മേധയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും റോഡുകൾ അടിയന്തരമായി നന്നാക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. ബുധനാഴ്ച രാവിലെ അനന്ത നഗറിൽ ഉണ്ടായ ഈ അപകടത്തിന് പിന്നാലെയാണ് ഇലക്ട്രോണികി സിറ്റിയിൽ പ്രതിഷേധം ശക്തമായത്. മുന്നിലുണ്ടായ കാർ ബ്രേക്കിട്ടതോടെയാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ മേധയ്ക്കും സുഹൃത്തിനും പെട്ടന്ന് ബൈക്ക് നിർത്തേണ്ടി വന്നത്.
റോഡ് തകർന്ന് കിടക്കുകയായിരുന്നതിനാൽ, ബ്രേക്ക് ഇട്ടതോടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയും മേധ റോഡിലേക്ക് വീഴുകയുമായിരുന്നു. ഈ സമയം തൊട്ടുപിന്നാലെ വന്ന ഗുഡ്സ് വാഹനം ഇവരുടെ ശരീരത്തിലൂടെ കയറിയിറങ്ങി. മേധ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഇതിന് പിന്നാലെയാണ് നാട്ടുകാർ സംഘടിച്ചത്. മേധയുടെ മരണത്തിന് കാരണം അധികൃതരുടെ വീഴ്ചയും തകർന്ന റോഡുകളുമാണെന്നാണ് ആരോപണം. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു.
പൊലീസെത്തിയാണ് നാട്ടുകാരെ ശാന്തരാക്കിയത്. ഒരു ആഴ്ചയ്ക്കുള്ളിൽ താൽക്കാലികമായി റോഡുകൾ അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ അനന്ത നഗറിൽ ഓടകളുടെ നിർമ്മാണ പ്രവർത്തനം നടക്കുകയാണ്. ഈ ജോലികൾ പൂർത്തിയാകുന്ന മുറയ്ക്ക് റോഡുകൾ പൂർണ തോതിൽ പുനർനിർമ്മിക്കുമെന്നും അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam