മലപ്പുറം പാണ്ടിക്കാട് വീടുകളിൽ കയറി മൊബൈൽ ഫോണുകൾ മോഷ്ടിച്ച കരുവാരകുണ്ട് സ്വദേശി ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രായമായവരും വീട്ടമ്മമാരും മാത്രമുള്ള വീടുകൾ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ മോഷണം. കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഇയാളെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.

മലപ്പുറം: വീടുകളില്‍ കയറി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ചെറുമല ഷംസുദ്ദീന്‍ (44) ആണ് പാണ്ടിക്കാട് പൊലീസിന്‍റെ പിടിയിലായത്. കുറ്റിപ്പുളി മേഖലയിലെ വീടുകളില്‍ പകല്‍സമയത്ത് എത്തി മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.

പ്രായമായവരും വീട്ടമ്മമാരും മാത്രമുള്ള വീടുകള്‍ ലക്ഷ്യമിട്ടായിരുന്നു ഇയാളുടെ മോഷണമെന്നാണ് പൊലീസ് പറയുന്നത്. വീട്ടുകാരുമായി പരിചയം സ്ഥാപിക്കുകയും വിശ്വാസം നേടിയെടുക്കുകയും ചെയ്ത ശേഷമാണ് മോഷണം നടത്തിയത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് അകത്തുകയറി മൊബൈല്‍ ഫോണ്‍ കൈക്കലാക്കി കടന്നുകളയുകയായിരുന്നു പതിവ്. മോഷണം നടന്നതിനെ തുടര്‍ന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പാണ്ടിക്കാട് സ്റ്റേഷന്‍ പരിധിയില്‍ നടന്ന മോഷണ സംഭവങ്ങളുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം തുടരുകയാണ്. പ്രതിയുടെ മറ്റ് മോഷണ കേസുകളിലെ പങ്കും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാള്‍ക്കെതിരെ മലപ്പുറം ജില്ലയിലെയും സമീപ ജില്ലകളിലെയും വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

കരുവാരകുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മധ്യവയസ്‌കയായ വീട്ടമ്മയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസിലും ഷംസുദ്ദീന്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മുന്‍കാല കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. പാണ്ടിക്കാട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ റിഷാദലി നെച്ചിക്കാടന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ സുബ്രഹ്‌മണ്യന്‍, അമ്പിളി, സി.പി.ഒമാരായ സുമേഷ്, സാനിര്‍, രാകേഷ്, നജ്മുദ്ദീന്‍, സുതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ഷംസുദ്ദീനെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ് ചെയ്തു.