
കൊച്ചി: വീട്ടിലിരുന്ന് ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയിൽ നിന്ന് 17 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തമിഴ്നാട് തിരുച്ചിറപ്പിള്ളി അമ്പു നഗർ വെങ്കടേഷ് (34) നെയാണ് എറണാകുളം റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേർ മുൻപ് അറസ്റ്റിലായിരുന്നു. ഓൺലൈൻ സൈറ്റിലൂടെ ജോലി ചെയ്ത് വരുമാനമുണ്ടാക്കാമെന്ന് വീട്ടമ്മയെ ധരിപ്പിക്കുകയായിരുന്നു. ഇവരുടെ വാഗ്ദാനം കേട്ട് എടത്തല സ്വദേശിയായ വീട്ടമ്മ തട്ടിപ്പു സംഘം നൽകിയ ഒരു സൈറ്റിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്തു.
വ്യത്യസ്തങ്ങളായ ഭക്ഷണത്തിന് റേറ്റിംഗ് നൽകുകയായിരുന്നു അവർ നൽകിയ ടാസ്ക്ക്. വിശ്വാസം പിടിച്ചുപറ്റാൻ തട്ടിപ്പ് സംഘം കുറച്ച് തുക പ്രതിഫലമെന്ന പേരിൽ വീട്ടമ്മയ്ക്ക് നൽകി. കൂടുതൽ ലാഭം കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തുക നിക്ഷേപിക്കാൻ നിർബന്ധിച്ചു. തുടർന്ന് വീട്ടമ്മ അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചു. ആദ്യഘട്ടത്തിൽ നിക്ഷേപിച്ച തുകയ്ക്ക് ലാഭവിഹിതം എന്നു പറഞ്ഞ് ചെറിയ തുക വീട്ടമ്മയ്ക്ക് തിരികെ നൽകി. തട്ടിപ്പ് സംഘം പറഞ്ഞ വിവിധ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്.
ലാഭവിഹിതമായി വൻ തുക അവരുടെ പേജിൽ കാണിച്ചു കൊണ്ടിരുന്നു. ഒടുവിൽ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ല. അപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വെങ്കടേഷ് വിദേശത്തേക്ക് കടന്നിരുന്നു. തുടർന്ന് ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. വെങ്കടേഷിന്റെ അക്കൗണ്ടിൽ വീട്ടമ്മ മൂന്ന് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി എം.ഹേമലതയുടെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ വിപിൻദാസ്, എസ് ഐ മാരായ സി.ആർ.ഹരിദാസ്, സി.കെ.രാജേഷ്, എം.അജേഷ് , സി പി ഒ ലിജോ ജോസ് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam