
മാനന്തവാടി: 35 ലക്ഷം രൂപ ചിലവഴിച്ച് ആധുനിക രീതിയില്‍ നിര്‍മ്മിച്ചെന്ന് അവകാശവാദമുന്നയിച്ച വയനാട്ടിലെ ഒരു പൊതുശൗചാലയും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം വൈറലാവുകയാണ്. യൂറിനലില്‍ നിന്നും മൂത്രം ലീക്കായി കെട്ടിടത്തിനുള്ളില്‍ ഒഴുകി പരക്കാന്‍ തുടങ്ങിതോടെ ബോട്ടില്‍ വിദ്യയുമായി എത്തിയിരിക്കുകയാണ് അധികൃതര്‍. നഗരത്തിലെ ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പ്ലാസ്റ്റിക് ബോട്ടിലുകളുമായി അധികാരികള്‍ വിചിത്രമായ പരിഹാരം കണ്ടത്.
ആധുനിക സൗകര്യങ്ങളോട് കൂടി നിര്‍മ്മിച്ച ശൗചാലയം ഉദ്ഘാടനത്തിന് പിന്നാലെ തന്നെ വിവാദങ്ങളിലേക്ക് എത്തിയിരിക്കുകയാണ്. തുറന്ന ദിവസം തന്നെ വെള്ളം ലീക്ക് ചെയ്യുന്നതായി സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ചൂണ്ടിക്കാണിച്ചിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ പ്രശ്‌നം പരിഹരിക്കുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും യൂറിനലില്‍ നിന്നും ക്‌ളോസറ്റുകളില്‍ നിന്നുമുള്ള മലിന ജലം പുറത്തേക്ക് ഒഴുകുകയാണ്. യൂറിനലില്‍ നിന്നുള്ള വെള്ളം പുറത്തേക്ക് എത്താതിരിക്കാനായി ഇതിനടിയിലായി പ്ലാസ്റ്റിക് കുപ്പികള്‍ നിരത്തി വെച്ചിരിക്കുകയാണ്. റോഡ് വികസനത്തിന്റെ ഭാഗമായാണ് ഇവിടെയുണ്ടായിരുന്ന താത്ക്കാലിക ശൗചാലയം പൊളിച്ച് മാറ്റിയത്. ഇത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. നിരന്തരമായ പ്രതിഷേധങ്ങള്‍ക്കും പരാതികള്‍ക്കും ഒടുവിലാണ് ശൗചാലയം തുറന്ന് കൊടുത്തത്. പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച കെട്ടിടത്തിന് മുന്നിലെ ഇന്റര്‍ലോക്ക് ഉദ്ഘാടനത്തിന് തൊട്ട് മുമ്പ് ഇളകി കുഴി രൂപപ്പെട്ടതും വിവാദമായിരുന്നു.