2009ൽ തെങ്ങ് വീണ് കൊമ്പിന് പരിക്കേറ്റു, കൃത്രിമ കൊമ്പുമായി എഴുന്നള്ളിപ്പ്, ആനയെ കുത്തി തടവറയിൽ; ഗോകുലിന്റെ മരണം ഹൃദയാഘാതം മൂലം

Published : Oct 13, 2025, 09:05 PM IST
tusker Gokul

Synopsis

2011ല്‍ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ആനയോട്ടത്തില്‍ ജേതാവായപ്പോള്‍ മറികടക്കാന്‍ ശ്രമിച്ച കൊമ്പന്‍ കുട്ടി ശങ്കരനെ കുത്തി പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് ഏറെക്കാലം ആനത്താവളത്തിലെ തടവറയിലായിരുന്നു.

തൃശൂര്‍: എട്ടുമാസം മുമ്പ് കൂട്ടാനയുടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ ഗോകുല്‍ ചരിയുന്നത്. ആനത്താവളത്തിലെ തെക്കേപ്പറമ്പിലെ കെട്ടുംതറിയിലായിരുന്നു അന്ത്യം. കുട്ടിത്തം കൊണ്ട് ആരാധകരുടെ മനം കവര്‍ന്ന കൊമ്പനാണ് ഗോകുല്‍. രണ്ടു വയസുള്ളപ്പോഴാണ് കര്‍ണാടകയില്‍നിന്ന് ഗോകുല്‍ ഗുരുവായൂരപ്പ സന്നിധിയില്‍ എത്തുന്നത്. ഏറെ നാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഗുരുവായൂരില്‍ റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്ന ദിനത്തിലാന്നാണ് ഗോകുലിന്റെയും വരവ്. ഇത് നാട്ടുകാര്‍ ആഘോഷപൂര്‍വം കൊണ്ടാടി.

1994 ജനുവരി ഒമ്പതിന് കൊച്ചി സ്വദേശി അറക്കല്‍ രഘുനാഥനാണ് ഗോകുലിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തിയത്. ഗോഗുല്‍ മൂന്ന് തവണ ആനയോട്ടത്തിലെ ജേതാവായിട്ടുണ്ട്. എന്നാല്‍ പതിനേഴാം വയസു മുതല്‍ കൊമ്പന് കഷ്ടകാലമായിരുന്നു. 2009ല്‍ തെങ്ങ് വീണ് വലതു കൊമ്പിന് പരുക്കേറ്റു. കൊമ്പില്‍ പഴുപ്പ് ബാധിച്ച് ദീര്‍ഘകാലം ചികിത്സയിലായി. പിന്നീട് കൊമ്പ് ഊരി വീണു. ഇതേ തുടര്‍ന്ന് കൃത്രിമ കൊമ്പ് ഘടിപ്പിച്ചായിരുന്നു എഴുന്നള്ളിപ്പുകളില്‍ പങ്കെടുത്തിരുന്നത്. 2011ല്‍ ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടന്ന ആനയോട്ടത്തില്‍ ജേതാവായപ്പോള്‍ മറികടക്കാന്‍ ശ്രമിച്ച കൊമ്പന്‍ കുട്ടി ശങ്കരനെ കുത്തി പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് ഏറെക്കാലം ആനത്താവളത്തിലെ തടവറയിലായിരുന്നു. കൊമ്പന്‍ നാഗേരി കേശവനും ഗോകുലിന്റെ കുത്തേറ്റിട്ടുണ്ട്.

കൊയിലാണ്ടിയില്‍ കൂട്ടാനയുടെ കുത്തേറ്റപ്പോള്‍ ഗോകുല്‍ തളര്‍ന്നു. കഴിഞ്ഞ ഫെബ്രുവരി 13നാണ് കോഴിക്കോട് കൊയിലാണ്ടി കുറുവങ്ങാട് മാനംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ഗുരുവായൂര്‍ ദേവസ്വത്തിലെ തന്നെ കൊമ്പന്‍ പീതാംബരൻ ഗോകുലിനെ കുത്തിയത്. നെഞ്ചിന്റെ ഇരുഭാഗത്തുമായി 30 സെന്റീമീറ്റര്‍ നീളത്തില്‍ കൊമ്പ് ആഴ്ന്നിറങ്ങി. ചികിത്സ തുടരുന്നതിനിടയിലും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പില്‍ പങ്കെടുത്തിരുന്നു. പുറമേയുള്ള മുറിവുകള്‍ ഉണങ്ങിവരുന്നതിനിടയിലാണ് വീണ്ടും അസ്വസ്ഥത കാണിച്ചു തുടങ്ങിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് വെറ്റിനറി ഡോക്ടര്‍മാരായ കെ. വിവേക്, ചാരുജിത്ത് നാരായണന്‍ എന്നിവര്‍ പറഞ്ഞു. ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്‍ ആയിരുന്നു ഗോകുലെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ പറഞ്ഞു. ഗേകുലിന്റെ വിയോഗത്തോടെ ദേവസ്യത്തിലെ ആനകളുടെ എണ്ണം 35 ആയി കുറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

ജാമ്യത്തിലിറങ്ങി സ്റ്റേഷന് മുന്നിലെ തെങ്ങിൽ കയറി മദ്യപൻ, രാത്രിയിൽ ശരിക്കും വട്ടംകറങ്ങി പൊലീസുകാർ; ഒടുവിൽ സമാധാനിപ്പിച്ച് ഇറക്കി
പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം