
കല്‍പ്പറ്റ: പ്രളയം വന്ന് രണ്ട് മാസം പിന്നിടുമ്പോഴും സ്വന്തമായി വീടില്ലാത്തതിനാല്‍ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞു കൂടുന്നത് 37 കുടുംബങ്ങള്‍. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലാണ് 37 കുടുംബങ്ങളിലായി 137 പേര്‍ താമസിക്കുന്നത്. വീട് പൂര്‍ണ്ണമായി തകര്‍ന്നതിനാല്‍ ഇവര്‍ക്ക് തിരികെ പോകാന്‍ കഴിയില്ല.
വയനാട്ടില്‍ 866 കുടുംബങ്ങള്‍ക്കാണ് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടത്. 220 കുടുംബങ്ങള്‍ക്ക് സ്ഥലവും മറ്റ് ജീവനോപാദികളും നഷ്ടമായി. വീട് മാത്രം നഷ്ടപ്പെട്ട 563 കുടുംബങ്ങള്‍ വീട് പുനര്‍നിര്‍മിക്കുന്നതിന് സമ്മതപത്രം നല്‍കിയിട്ടുണ്ട്. നാല് ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്. 211 പേര്‍ക്ക് ആദ്യ ഗഡു നല്‍കി കഴിഞ്ഞതായി ജില്ലാഭരണകൂടം വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കുന്ന നാല് ലക്ഷം രൂപ ഉപയോഗിച്ച് സ്വന്തം ഉത്തരവാദിത്വത്തിലോ സന്നദ്ധ സംഘടനകള്‍ വഴിയോ വീട് നിര്‍മിക്കാം. ഇത്തരത്തില്‍ തയ്യാറുള്ളവരാണ് സമ്മതംപത്രം സര്‍ക്കാരിന് നല്‍കിയിരിക്കുന്നത്.
അതേ സമയം വീടും സ്ഥലവും നഷ്ടമായവര്‍ക്ക് പത്ത് ലക്ഷം രൂപയാണ് ധനസഹായം അനുവദിക്കുന്നത്. ആറുലക്ഷം രൂപക്ക് സ്ഥലം വാങ്ങി ബാക്കി നാല് ലക്ഷത്തിന് വീടും നിര്‍മിക്കണം. ഇതും സ്വന്തം ഉത്തരവാദിത്വത്തിലാണ് ചെയ്യേണ്ടത്. അഞ്ച് സെന്‍റ് സ്ഥലം ഗുണഭോക്താവ് തന്നെ കണ്ടെത്തണം. എന്നാല്‍ സ്ഥലം അപകടമേഖലയില്‍ അല്ലെന്നും, സുരക്ഷിതമായ രീതിയിലാണോ വീട് നിര്‍മാണം എന്നതും ജില്ലാ കലക്ടര്‍ നിയോഗിക്കുന്ന പ്രാദേശിക സാങ്കേതിക വിദഗ്ധര്‍ വിലയിരുത്തും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam