
മലപ്പുറം: ഹോട്ടലിൽ അതിക്രമിച്ചു കയറി ഉടമയെ വധിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ചന്തക്കുന്ന് വൃന്ദാവനം പുതിയത്ത് താജുദ്ദീനെ (37) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചന്തക്കുന്നിലെ ഭഗവതി ആലുങ്ങൽ ഫിറോസ് ബാബുവിന്റെ പരാതിയിലാണ് നടപടി. വിറക് വാങ്ങിയ ഇനത്തിൽ പരാതിക്കാരൻ അരലക്ഷം രൂപ പ്രതിക്ക് നൽകാനുണ്ടെന്നാണ് പൊലീസ് വിശദമാക്കിയത്. ഓഗസ്റ്റ് 12ാം തിയതി ഈ പണം ആവശ്യപ്പെട്ടുള്ള വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
12ാം തിയതി പുലർച്ചെ അഞ്ചിന് താജുദ്ദീൻ ഹോട്ടലിൽ എത്തി പണം ആവശ്യപ്പെടുകയായിരുന്നു. പണത്തേച്ചൊല്ലിയുള്ള സംസാരം ഭീഷണിയിലേക്കും അക്രമത്തിലേക്കും എത്തുകയായിരുന്നു. ഫിറോസ് ബാബുവിനെ താജുദ്ദീൻ ഭീഷണിപ്പെടുത്തുകയും വടിവാൾ ഉപയോഗിച്ച് വെട്ടുകയും ചെയ്‌തെന്നാണ് പരാതി. ഹോട്ടലിൽ കയറിയുള്ള ആക്രമണത്തിൽ ഫിറോസ് ബാബുവിന് കൈകാലുകൾക്ക് വെട്ടേറ്റിട്ടുണ്ട്.
അക്രമത്തിന് പിന്നാലെ താജുദ്ദീൻ സംഭവ സ്ഥലത്ത് നിന്ന് മുങ്ങി. ഫിറോസ് ബാബുവിന്റെ പരാതിയിൽ ഇൻസ്‌പെക്ടർ മനോജ് പറയട്ടയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം തുടങ്ങി. എസ്ഐ അജിത്കുമാർ, സീനിയർ സിപിഒ ഷിഫിൻ കുപ്പനത്ത്, സിപിഒമാരായ ജിതിൻ, അജീഷ്, വിവേക്, സജിരാജ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് കരിമ്പുഴ തേക്ക് മ്യൂസിയത്തിന് സമീപത്തെ ഹോട്ടലിൽ നിന്നാണ് താജുദ്ദീനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam