വ്യാജ സ്വര്‍ണ്ണം പണയം വെച്ച് പണം തട്ടല്‍; അന്തര്‍ സംസ്ഥാന സംഘം ഇടുക്കിയില്‍ പിടിയില്‍

By Web TeamFirst Published Jan 18, 2019, 3:20 PM IST
Highlights

916 മുദ്രയോട് കൂടിയ കോയമ്പത്തൂര്‍ ഗോള്‍ഡ് എന്നറിയപ്പെടുന്ന വ്യാജ വളകളാണ് ഇവര്‍ പണയം വച്ചത്. പെട്ടന്ന് തിരിച്ചറിയാനാകില്ല ഇത്തരം വ്യാജ സ്വര്‍ണം. 20 മുതല്‍ 30 ശതമാനം വരെ സ്വര്‍ണ്ണം ഉപയോഗിച്ചാണ് വ്യാജ സ്വര്‍ണ്ണ വളകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഇക്കാരണത്താല്‍ പ്രഥമ ദൃഷ്ട്യാ ഇവ തിരിച്ചറിയാന്‍ സാധിക്കില്ല

ഇടുക്കി: വ്യാജ സ്വര്‍ണ്ണം പണയം വെച്ച് പണം തട്ടുന്ന സംഘത്തിലെ 4 പേരാണ് നെടുങ്കണ്ടത്ത് പിടിയിലായത്. അന്തര്‍ സംസ്ഥാന സംഘത്തിലെ കണ്ണികളാണ് പിടിലായതെന്നാണ് വ്യക്തമാകുന്നത്. നെടുങ്കണ്ടം മേഖലയില്‍ ഒരു ദിവസം തന്നെ സംഘം  രണ്ട ലക്ഷത്തോളം രൂപ ഇത്തരത്തില്‍ വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിയെടുത്തിരുന്നു. 916 മുദ്രയോട് കൂടിയ കോയമ്പത്തൂര്‍ ഗോള്‍ഡ് എന്നറിയപ്പെടുന്ന വ്യാജ വളകളാണ് ഇവര്‍ പണയം വച്ചത്. പെട്ടന്ന് തിരിച്ചറിയാനാകില്ല ഇത്തരം വ്യാജ സ്വര്‍ണം.

തൂക്കുപാലം ചേന്നന്‍കുളം സി.വി സിജു, പുഷ്പകണ്ടം മേലേടത്ത് ഇല്യാസ്, കൊല്ലം കട്ടല്‍ പാറവിളയില്‍ റെജീവ്, പാറയില്‍ ഷെമിം എന്നിവരാണ് അറസ്റ്റിലായത്. ഗ്രാമീണ മേഖല കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടന്നിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസ് കരുതുന്നത്. 

തട്ടിപ്പ് നടത്തിയതിങ്ങന

നെടുങ്കണ്ടത്തിന് സമീപം ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന സഹകരണ സ്ഥാപനങ്ങളില്‍ സ്വര്‍ണ്ണം പണയം വെച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. മുണ്ടിയെരുമയില്‍ പ്രവര്‍ത്തിയ്ക്കുന്ന വലിയതോവാള സഹകരണ ബാങ്ക് ശാഖയില്‍ ആറ് വളകള്‍ വെച്ച് 117000 രൂപയും ബാലഗ്രാം സഹകരണ ബാങ്കില്‍ ആറ് വളകള്‍ വെച്ച് 130000 രൂപയുമാണ് തട്ടിയെടുത്തിരുന്നു.

കണ്ടാല്‍ സ്വര്‍ണ്ണം: ഉള്ളില്‍ മറ്റ് ലോഹം

20 മുതല്‍ 30 ശതമാനം വരെ സ്വര്‍ണ്ണം ഉപയോഗിച്ചാണ് വ്യാജ സ്വര്‍ണ്ണ വളകള്‍ നിര്‍മ്മിച്ചിരിക്കുന്നത് ഇക്കാരണത്താല്‍ പ്രഥമ ദൃഷ്ട്യാ ഇവ തിരിച്ചറിയാന്‍ സാധിക്കില്ല. സ്വര്‍ണ്ണ പണയ സ്ഥാപനങ്ങളിലെ സാധാരണ ഉപയോഗിക്കുന്ന രീതികളിലൂടെയും വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ സാധിയ്ക്കുകയില്ല. 916 മുദ്രയുള്ളതും വിശ്വാസ്യത ഉറപ്പിയ്ക്കുന്നു. ആസിഡ് പരിശോധനയിലൂടെ മാത്രമെ ഇവ തിരിച്ചറിയാനാകു. 

എത്തിച്ചത് കൊല്ലത്ത് നിന്ന് -പണയം വെച്ചത് തൂക്കുപാലം സ്വദേശി

കോയമ്പത്തൂര്‍ സ്വര്‍ണ്ണം എന്ന പേരില്‍ അറിയപ്പെടുന്ന വ്യാജ സ്വര്‍ണ്ണമാണ് പണയം വെച്ചതെന്ന് നെടുങ്കണ്ടം പൊലിസ് പറഞ്ഞു. അറസ്റ്റിലായ കൊല്ലം സ്വദേശികളാണ് ഇവ എത്തിച്ചത്. ഇടനിലക്കാരനായ ഇല്യാസിന്റെ സഹായത്തോടെ സജു ഇവ പണയം വെയ്ക്കുകയിരുന്നു. മുണ്ടിയെരുമയിലും ബാലഗ്രാമിലും സഹകരണ ബാങ്കിലെ ഇയാളുടെ അക്കൗണ്ട് വഴിയാണ് പണയം വെച്ചത്.  ഇല്യാസിനും സജുവിനും ഒരു വളയ്ക്ക് എന്ന രീതിയിലാണ് കമ്മീഷന്‍. ആയിരം രൂപ വീതമാണ് ഇവര്‍ക്ക് കൊല്ലം സ്വദേശികള്‍ കമ്മീഷന്‍ നല്‍കിയിരുന്നത്. 

പിടിയിലായത് അന്തര്‍ സംസ്ഥാന സംഘത്തിലെ കണ്ണികളെന്ന് സൂചന

വ്യാജ സ്വര്‍ണ്ണ പണയ കേസില്‍ പിടിയിലായത് അന്തര്‍ സംസ്ഥാന സംഘത്തിലെ കണ്ണികളെന്ന് സൂചന. ബാലഗ്രാമിലും മുണ്ടിയെരുമയിലും പണയം വെച്ച അന്ന് തന്നെ ബാലന്‍ പിള്ള സിറ്റിയില്‍ പണയം വെയ്ക്കാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. 19.83 ഗ്രാം ഉരുപ്പടികളുമായി ബാലന്‍പിള്ള സിറ്റിയിലെ കൊശമറ്റം ഫിനാന്‍സില്‍ എത്തിയ പ്രതികള്‍ 43000 രൂപ ആവശ്യപെടുകയായിരുന്നു. ഉരുപ്പടികളില്‍ സംശയം തോന്നിയ ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖകള്‍ വാങ്ങി വെച്ച ശേഷം പ്യൂരിറ്റി ടെസ്റ്റ് നടത്തുകയായിരുന്നു. സ്വര്‍ണ്ണം അല്ലെന്ന് കണ്ടതോടെ നാട്ടുകാരുടെ സഹായത്തോടെ പൊലിസില്‍ വിവരം അറിയിച്ചു. 
നെടുങ്കണ്ടം സി ഐ റെജി എം കുന്നിപ്പറമ്പന്‍, എസ് ഐമാരായ മനേഷ് പൗലോസ്, സി സുമതി, എ എസ്‌ ഐ റോയി വര്‍ഗീസ്, സിബി തോമസ്, സിവില്‍ പൊലിസ് ഓഫീസര്‍മാരായ ഗ്രേയ്‌സണ്‍ ആന്‍റണി, ബിബിന്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

click me!