പ്ലാസ്റ്റിക് പാത്രങ്ങളിലെ ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന് കോര്‍പ്പറേഷന്‍റെ നിയന്ത്രണം

By Web TeamFirst Published Jan 18, 2019, 11:55 AM IST
Highlights

ഓണ്‍ലൈന്‍ വഴി ഭക്ഷണമെത്തിക്കുന്നതിന് ദിവസേന ശരാശരി അരലക്ഷം പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കോര്‍പ്പറേഷന്‍റെ കണക്ക്. പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് പകരം വാഴയില പോലുള്ള പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങളില്‍ ഭക്ഷണവിതരണം നടത്തുകയോ ഉപഭേക്താക്കള്‍ക്ക് സ്റ്റീല്‍ പാത്രങ്ങളിലാക്കി ഭക്ഷണം പകര്‍ന്ന് കൊടുക്കുകയോ ചെയ്യണം എന്നും നിര്‍ദ്ദേശമുണ്ട്

തിരുവനന്തപുരം: പ്ലാസ്റ്റിക് പാത്രങ്ങളിലെ ഓണ്‍ലൈന്‍ ഭക്ഷണവിതരണത്തിന് നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി തിരുവനന്തപുരം കോര്‍പ്പറേഷന്‍. ഇതിന് മുന്നോടിയായി ഓണ്‍ലൈന്‍ സേവനദാതാക്കളുടേയും ഹോട്ടലുടമകളുടേയും യോഗം തിരുവനന്തപുരത്ത് വിളിച്ചുചേർത്തു. ഭക്ഷണവിതരണത്തിന് പരിസ്ഥിതി സൗഹാര്‍ദ്ദപരമായ ഉത്പന്നങ്ങള്‍ ഉപയോഗിക്കണം എന്നാണ് കോര്‍പ്പറേഷന്‍റെ നിര്‍ദ്ദേശം.

ഓണ്‍ലൈന്‍ വഴി ഭക്ഷണമെത്തിക്കുന്നതിന് ദിവസേന ശരാശരി അരലക്ഷം പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കോര്‍പ്പറേഷന്‍റെ കണക്ക്. പ്ലാസ്റ്റിക് പാത്രങ്ങള്‍ക്ക് പകരം വാഴയില പോലുള്ള പ്രകൃതിസൗഹൃദ ഉല്‍പന്നങ്ങളില്‍ ഭക്ഷണവിതരണം നടത്തുകയോ ഉപഭേക്താക്കള്‍ക്ക് സ്റ്റീല്‍ പാത്രങ്ങളിലാക്കി ഭക്ഷണം പകര്‍ന്ന് കൊടുക്കുകയോ ചെയ്യണം എന്നും നിര്‍ദ്ദേശമുണ്ട്. ഇതോടൊപ്പം പ്ലാസ്റ്റിക് ബദല്‍ ഉത്പന്നങ്ങളുടെ വിപണനകേന്ദ്രവും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കുമെന്ന് മേയര്‍ വി കെ പ്രശാന്ത് വ്യക്തമാക്കി.

പ്ലാസ്റ്റിക് സഞ്ചികള്‍ക്ക് പകരം തുണിസഞ്ചികളിലേക്ക് മാറുന്നതിന് തയ്യാറാണെന്ന് ഹേട്ടലുടമകളും അറിയിച്ചു. ഹോട്ടലുകളില്‍ നിന്ന് പ്രകൃതി സൗഹൃദമായ പൊതികളില്‍ ഭക്ഷണം നല്‍കിയാല്‍ വിതരണം നടത്തുന്നതിനോട് സഹകരിക്കുമെന്ന് ഓണ്‍ലൈന്‍ സേവനദാതാക്കളും വ്യക്തമാക്കി.

click me!